LiveTV

Live

Kerala

അപൂര്‍വ സൗഹൃദത്തിന്‌ സാക്ഷിയാകാൻ കതോലിക്കാ ബാവ

അപൂര്‍വ സൗഹൃദത്തിന്‌ സാക്ഷിയാകാൻ കതോലിക്കാ ബാവ
Summary
ഏഴാം ക്ലാസ്സുകാരിയായ ബിസ്മിയുടെ കരുതലിലാണ് സെറിബ്രല്‍ പാഴ്സി ബാധിച്ച അനുഗ്രഹ് പഠിക്കുന്നത്

അപൂര്‍വ സൗഹൃദം കൊണ്ട് ശ്രദ്ധേയരായ അനുഗ്രഹിനേയും ഫാത്തിമ ബിന്‍സിയേയും കാണാന്‍ കതോലിക്കാ ബാവ ബസേലിയസ് മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കോഴിക്കോട്ടെത്തി. പ്രായാധിക്യത്തെ അവഗണിച്ചും കോഴിക്കോട്ടെത്തിയത് മനുഷ്യകുലത്തിന് മാതൃകകളായ ഈ കുരുന്നുകളില്‍ നിന്ന് അനുഗ്രഹം വാങ്ങാനാണെന്ന് ബാവ പറഞ്ഞു. സെറിബ്രല്‍ പാഴ്സി രോഗ ബാധിതനായ അനുഗ്രഹിന്റെ വീട്ടിലേക്ക് നാട്ടുകാര്‍ സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന റോഡിന്റെ നിർമാണോദ്ഘാടനവും കതോലിക്കാ ബാവ നിര്‍വഹിച്ചു.

നിഷ്കളങ്കമായ സൗഹൃദത്തിനൊപ്പം കുഞ്ഞുമനസ്സിന്റെ നന്മ കൂടിയാണ് കോഴിക്കോട് പറമ്പില്‍കടവ് സ്വദേശി ഫാത്തിമ ബിസ്മി. ഏഴാം ക്ലാസ്സുകാരിയായ ബിസ്മിയുടെ കരുതലിലാണ് സെറിബ്രല്‍ പാഴ്സി ബാധിച്ച അനുഗ്രഹ് പഠിക്കുന്നത്. സെറിബ്രല്‍ പാഴ്സി ബാധിച്ച് നടക്കാന്‍ പോലും കഴിയാതിരുന്ന അനുഗ്രഹിന് ഉച്ചയ്ക്ക് ചോറ് വാരികൊടുത്തും കഥകള്‍ പറഞ്ഞുകൊടുത്തും വളരെ വേഗം രക്ഷിതാവായ, താങ്ങും തണലുമായ ബിസ്മിയെ കാണാനും അനുമോദിക്കാനുമാണ് കാതോലിക്കാ ബാവ കോട്ടയത്തു നിന്നും കോഴിക്കോട്ടെത്തിയത്.

അനുഗ്രഹിനേയും ഫാത്തിമാ ബിസ്മിയേയും ചേര്‍ത്തുപിടിച്ചും ഒന്നിച്ച് ഭക്ഷണം കഴിച്ചും കുശലം പറഞ്ഞും സമയം ചെലവഴിച്ച ബാവ, അനുഗ്രഹിന്റെ വീട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു. പ്രദേശവാസികള്‍ സൌജന്യമായി വിട്ടുകൊടുത്ത സ്ഥലത്തുകൂടെയാണ് അനുഗ്രഹിനുള്ള പുതിയ റോഡ്. ബിസ്മി ഒപ്പം കൂടിയപ്പോള്‍ അനുഗ്രഹും മാറി. ഇപ്പോള്‍ അവന്‍ ഒറ്റയ്ക്ക് നടക്കും. എങ്കിലും ഒരു കൈതാങ്ങായി ബിസ്മിയുണ്ടാകും.