LiveTV

Live

Kerala

വാട്സ്ആപ് അഡ്മിന്‍മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; പോക്സോ നിയമപ്രകാരവും കേസ്

വാട്സ്ആപ് അഡ്മിന്‍മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; പോക്സോ നിയമപ്രകാരവും കേസ്
Summary
അവധിയിലുള്ള മുഴുവന്‍ പൊലീസുകാരേയും ഉത്തരമേഖല ഡിജിപി തിരിച്ച് വിളിച്ചു.

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും ഉള്‍പ്പെടുന്നതായി പോലീസ് കണ്ടെത്തി. വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നുണ്ട്. കോഴിക്കോടും, മലപ്പുറത്തും മാത്രം 200-ലധികം അഡ്മിന്‍മാരെ വിളിച്ച് വരുത്തി. പോക്സോ നിയമപ്രകാരവും പൊലീസ് കേസെടുക്കുന്നുണ്ട്.

30 പേരെ നീരീക്ഷിച്ചതില്‍ നിന്നാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഇത് പ്രകാരം സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരും സോഷ്യല്‍ മീഡിയ പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. ഹര്‍ത്താല്‍ ദിവസം പിടിയിലായവരുടെ ഫോണ്‍ പരിശോധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പുകള്‍ കണ്ടെത്തി. ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെയാണ് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. കൂടുതല്‍ അഡ്മിന്‍മാരെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഇനിയും വിളിക്കാനാണ് പോലീസ് തീരുമാനം. ചോദ്യം ചെയ്ത പലര്‍ക്കും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുമായി ബന്ധമില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.

ചില അഡ്മിന്‍മാര്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. കോഴിക്കോടാണ് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത്. നടക്കാവ് പോലീസ് സ്റ്റേഷനില്‍ മാത്രം 23 പേരെ വിളിപ്പിച്ചു. അതേസമയം ഇനിയും പ്രശ്നങ്ങളുണ്ടാകാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അവധിയിലുള്ള മുഴുവന്‍ പോലീസുകാരെയും ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ തിരിച്ചുവിളിച്ചു. കോഴിക്കോട് നിരോധനാജ്ഞ നീട്ടാനുള്ള നീക്കങ്ങളും നടക്കുന്നു. ഒറ്റപാലത്ത് നിന്ന് 9 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.