LiveTV

Live

Kerala

വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Summary
ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു

ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ റിമാൻഡിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികൾ മജിസ്ട്രേറ്റിന് നൽകിയ മൊഴി.

പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്നലെത്തന്നെ പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം 6.30 ഓടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സന്തോഷ് ജിതിൻ രാജ് സുമേഷ് എന്നീ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു . തുടർന്ന് ഇവരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി. കൊലപാതകം ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് റിമാന്റ് റിപ്പോർട്ടിൽ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ശേഷം ആര്‍ടിഎഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചുവെന്നും അടിവയറിനേറ്റ മർദ്ദനം മരണകാരണമായെന്നും മർദ്ദനത്തിന് സാക്ഷികൾ ഉണ്ടെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ പ്രതികൾ കുറ്റം നിഷേധിച്ചു.

ശ്രീജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തതെന്നും കുറ്റം തങ്ങളുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവർ മജിസ്ട്രേറ്റിന് മൊഴി നൽകി. ഇവരുടെ മൊഴിയും മജിസ്ട്രേറ്റ് രേഖപ്പെടുത്തി. അതേ സമയം അന്വേഷണ സംഘം രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും മെഡിക്കൽ ബോർഡ് രൂപീകരിച്ചത് നിയമ വിധേയമായിട്ടാണെന്നു ഐ ജി എസ് ശ്രീജിത്ത് വ്യക്തമാക്കി.