LiveTV

Live

Kerala

ലൈബ്രറിക്കായി ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം നല്‍കി അധ്യാപിക

ലൈബ്രറിക്കായി ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം നല്‍കി അധ്യാപിക
Summary
ഭര്‍ത്താവ് വി ശശിധരന്‍ നായരുടെ ഓര്‍മക്കായി സ്വദേശമായ കഴക്കൂട്ടത്ത് എന്തെങ്കിലും സ്മാരകം വേണമെന്ന ചിന്തയിലായിരുന്നു ലീലാമ്മ ടീച്ചറും മക്കളും

സര്‍ക്കാര്‍ ഭൂമി കയ്യേറുന്ന വാര്‍ത്തകള്‍ക്കിടയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം ലൈബ്രറിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി നഗരസഭക്ക് വിട്ടുനല്‍കിയിരിക്കുകയാണ് തിരുവനന്തപുരത്ത് ഒരു അധ്യാപിക. കഴക്കൂട്ടം ദേവനഗറിലെ എട്ട് സെന്‍റ് ഭൂമിയാണ് നഗരസഭക്ക് ലീലാമ്മ ടീച്ചര്‍ വിട്ടു നല്‍കിയത്. ഭര്‍ത്താവിന്‍റെ ഓര്‍മക്കായാണ് ടീച്ചര്‍ സ്ഥലം നഗരസഭക്ക് നല്‍കിയത്.

ഭര്‍ത്താവ് വി ശശിധരന്‍ നായരുടെ ഓര്‍മക്കായി സ്വദേശമായ കഴക്കൂട്ടത്ത് എന്തെങ്കിലും സ്മാരകം വേണമെന്ന ചിന്തയിലായിരുന്നു ലീലാമ്മ ടീച്ചറും മക്കളും. ലൈബ്രറി സ്ഥാപിക്കാം എന്ന തീരുമാനം ബന്ധുവായ പ്രാദേശിക നേതാവ് വഴി മേയര്‍ വി കെ പ്രശാന്തിനെ അറിയിച്ചു. ലൈബ്രറിക്കൊപ്പം വനിതാ ഉപജീവനകേന്ദ്രമെന്ന പദ്ധതിക്കുള്ള സൌകര്യവും ഒരുക്കാമെന്ന് മേയര്‍ ഉറപ്പ് നല്‍കി. ലീലാമ്മ മക്കളായ ബിജു എസ് നായര്‍, ഇന്ദു, ജ്യോതി എന്നിവരുടെ സമ്മതത്തോടെ കഴക്കൂട്ടം നാറാണത്ത് കുളത്തിന് സമീപമുള്ള എട്ട് സെന്‍റ് നഗരസഭക്ക് കൈമാറി.

96 ലക്ഷം രൂപ മുടക്കിയാണ് ഇവിടെ ഇരുനിലമന്ദിരം ഒരുങ്ങുന്നത്. ലീലാമ്മയുടെ ഭര്‍ത്താവും വില്ലേജ് ഓഫീസറുമായിരുന്ന വി ശശിധരന്‍ നായരുടെ പേരിലാകും മന്ദിരം അറിയപ്പെടുക. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. വനിതാ ഉപജീവനകേന്ദ്രം, ആധുനിക സൌകര്യങ്ങളോടെയുള്ള ലൈബ്രറി, വാര്ഡ് സേവാ കേന്ദ്രം എന്നിവ ഈ മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.