LiveTV

Live

Kerala

ആദിവാസി സ്ത്രീ പ്രസവിച്ച ഇരട്ടകുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ചു

ആദിവാസി സ്ത്രീ പ്രസവിച്ച ഇരട്ടകുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ചു
Summary
ഒരു കിലോയില്‍ താഴെയായിരുന്നു കുട്ടികളുടെ തൂക്കം. വീട്ടില്‍ വെച്ചായിരുന്നു സുമയുടെ പ്രസവം നടന്നത്.

കൊല്ലം കുളത്തൂപ്പുഴയിൽ ഗർഭകാല ചികിത്സ ലഭിക്കാത്തത് മൂലം ആദിവാസി യുവതിയുടെ ഇരട്ട കുട്ടികൾ മരിച്ചു. സുമ എന്ന യുവതിയുടെ നവജാത ശിശുക്കളാണ് മരിച്ചത്. കുട്ടികൾക്ക് ഒരു കിലോയിലും താഴെ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്.

കൊല്ലം കടമാൻകോട് ആദിവാസി കോളനിയിലെ രാജീവിന്റെ ഭാര്യ സുമ ഇന്നലെ രാവിലെയാണ് വീട്ടില്‍ പ്രസവിച്ചത്. പെൺകുഞ്ഞുങ്ങൾക്ക് ഒരു കിലോയിൽ താഴെ മാത്രമേ ഭാരമുണ്ടായിരുന്നുള്ളു. ഒരു കുട്ടി പ്രസവ സമയത്ത് തന്നെ മരിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെക്ക് കൊണ്ടുപോകും വഴി രണ്ടാമത്തെ കുട്ടിയും മരിച്ചു.

ഗർഭിണികളായ ആദിവാസി യുവതികൾക്ക് പ്രസവപൂർവ്വ ചികിത്സ നൽകാൻ എസ്‍ടി പ്രമോട്ടർമാർ, ആശാ വർക്കർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇതിനായി നിരവധി പദ്ധതികളും ലക്ഷങ്ങൾ ചെലവാക്കി സർക്കാർ നടപ്പാക്കുന്നുണ്ട്. എന്നാൽ പദ്ധതികളൊന്നും ഫലവത്താകുന്നില്ല എന്ന് തെളിയിക്കുന്നതാണ് നവജാത ശിശുക്കളുടെ മരണം. കുട്ടികളെ ആശുപത്രിയിലെക്ക് കൊണ്ട് പോകുന്നതിന് ഹർത്താൽ മൂലം യാത്ര ബുദ്ധിമുട്ട് ഉണ്ടായതായും ആരോപണമുണ്ട്.

മുൻപും സുമയുടെ രണ്ട് കുട്ടികൾ ഇത്തരത്തിൽ മരിച്ചിരുന്നു. സംഭവത്തിൽ വിശദമായ അനേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.