LiveTV

Live

Kerala

ബിഡിജെഎസ് - ബിജെപി തര്‍ക്കം അയയുന്നു

ബിഡിജെഎസ് - ബിജെപി തര്‍ക്കം അയയുന്നു
Summary
പ്രശ്നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് തുഷാര്‍

ബിജെപി - ബിഡിജെഎസ് തര്‍ക്കം സമവായത്തിലേക്കെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഒരാഴ്ചക്കകം നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി വ്യക്തമാക്കി. പ്രശ്നപരിഹാരം സാധ്യമാകുന്നത് വരെ ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രചാരണ രംഗത്തുണ്ടാകില്ലെന്നും തുഷാര്‍ പറഞ്ഞു.

എന്‍ഡിഎ മുന്നണി അംഗമെന്ന നിലയില്‍ ബിജെപി വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെന്നാരോപിച്ചാണ് ബിഡിജെഎസ് നിസ്സഹകരണം പ്രഖ്യാപിച്ചത്. ബിഡിജെഎസിന് ശക്തമായ സ്വാധീനമുളള ചെങ്ങന്നൂരില്‍ ബിജെപിക്ക് ഇത് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഇക്കാരണത്താല്‍ ഇതുവരെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പോലും വിളിച്ച് ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പി എസ് ശ്രീധരന്‍പിള്ളയെ അവതരിപ്പിക്കുമ്പോഴും ഏറെക്കുറെ ബിജെപി ഒറ്റക്കാണ് പ്രചാരണം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇരുകൂട്ടരും തമ്മിലുള്ള മഞ്ഞുരുകല്‍ ഉണ്ടാകുമെന്ന തരത്തില്‍ തുഷാര്‍ വെള്ളപ്പള്ളിയുടെ പ്രതികരണം.

സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ശക്തിയുള്ളത് ബിഡിജെഎസിന് മാത്രമാണെന്നും നേരത്തെ മനക്കച്ചിറയില്‍ നടന്ന എസ് എന്‍ ഡി പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് തുഷാര്‍ പറഞ്ഞു. ബി ഡി ജെ എസിന്റെ വോട്ട് കിട്ടിയാല്‍ കൊള്ളാമെന്നാണ് മറ്റ് മുന്നണികളുടെ ആഗ്രഹം. എന്നാല്‍ ഇത്തരത്തില്‍ താന്‍ ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും തുഷാര്‍ വ്യക്തമാക്കി.