LiveTV

Live

Kerala

ജാതി കോളം പൂരിപ്പിക്കാത്ത മുസ്‍ലിം വിദ്യാര്‍ഥികള്‍ ജാതിരഹിത വിദ്യാര്‍ഥികളുടെ പട്ടികയില്‍

ജാതി കോളം പൂരിപ്പിക്കാത്ത മുസ്‍ലിം വിദ്യാര്‍ഥികള്‍ ജാതിരഹിത വിദ്യാര്‍ഥികളുടെ പട്ടികയില്‍
Summary
ഈ സ്കൂളില്‍ ജാതികോളം പൂരിപ്പിക്കാത്തവരുടേതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കും തെറ്റാണ്.

കാസര്‍കോട് എന്‍‍.എ മോഡല്‍ സ്കൂളില്‍ ജാതി കോളം പൂരിപ്പിക്കാതെ വിട്ടത് മുസ്‍ലിം വിദ്യാര്‍ഥികള്‍ മാത്രം. ജാതി പ്രത്യേകം പറയാനില്ലാത്തതിനാല്‍ ഒഴിച്ചിട്ട വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ ജാതി രഹിത വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സ്കൂളില്‍ ജാതികോളം പൂരിപ്പിക്കാത്തവരുടേതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കും തെറ്റാണ്. കാസര്‍കോട് നായന്മാര്‍മൂല എന്‍ എ മോഡല്‍ ഹൈസ്കൂളില്‍ 491 വിദ്യാര്‍ഥികള്‍ മതം, ജാതി എന്നിവ രേഖപ്പെടുത്തിയില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍ സ്കൂളില്‍ മത കോളം പൂരിപ്പിക്കാത്ത ഒരു വിദ്യാര്‍ഥി പോലുമില്ല. ജാതി കോളം ഒഴിച്ചിട്ടത് 294 വിദ്യാര്‍ഥികള്‍. ജാതി കോളം പൂരിപ്പിക്കാത്ത ഈ വിദ്യാര്‍ഥികളെല്ലാം ഇസ്‍ലാംമത വിശ്വാസികളാണ്. ഇവര്‍ മതം രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഈ സ്കൂളി‍ല്‍ മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികളും മതവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ജാതി കോളം പൂരിപ്പിക്കാതിരുന്നത്. ജാതികോളം പൂരിപ്പിക്കല്‍ നിര്‍ബന്ധമില്ലാത്തതിനാലാണ് പുതുതായി വന്നവരുടെ വിവരത്തില്‍ നിന്ന് ഇത് ഒഴിവാക്കിയത്. ജാതിയില്ലാത്തവരെക്കൂടി ചേര്‍ത്താണ് സര്‍ക്കാര്‍ ജാതി രഹിതരുടെ കണക്കുണ്ടാക്കിയത് എന്നാണ് എന്‍.എ മോഡല്‍ സ്കൂളിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.