LiveTV

Live

Kerala

ദിവസം പത്ത് ഹെല്‍മറ്റ് കേസുകളെങ്കിലും നിര്‍ബന്ധം... പൊലീസുകാര്‍ നേരിടുന്ന സമ്മര്‍ദം ഇങ്ങനെ...

ദിവസം പത്ത് ഹെല്‍മറ്റ് കേസുകളെങ്കിലും നിര്‍ബന്ധം... പൊലീസുകാര്‍ നേരിടുന്ന സമ്മര്‍ദം ഇങ്ങനെ...
Summary
രാത്രി പട്രോളിങിനിടെ രണ്ട് അപരിചിതരെയെങ്കിലും പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കണം.

പൊതുജനങ്ങള്‍ക്ക് മേല്‍ പൊലീസ് കുതിരകയറുന്നുവെന്ന പരാതി ഇന്നും ഇന്നലെയും ഉയര്‍ന്നുവന്നിട്ടുള്ളതല്ല. കാലാകാലങ്ങളായി ഈ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സേനയിലെ ന്യൂനപക്ഷം വരുന്ന ഇത്തരക്കാര്‍ മൂലം, തൊപ്പിയും കുപ്പായവും കിട്ടി കഴിഞ്ഞാല്‍ ജനങ്ങളുടെ മുതുക് തങ്ങള്‍ക്ക് സ്വന്തമെന്ന് കരുതുന്നവരാണ് പൊലീസുകാരെന്ന മോശം പ്രതിച്ഛായ വളര്‍ത്തിയിട്ടുമുണ്ട്. പരാതികള്‍ വ്യാപകമായതോടെ പൊലീസുകാരെ മര്യാദ പഠിപ്പിക്കാന്‍ ഡിജിപി തന്നെ മുന്‍കൈ എടുത്തു. എന്നാല്‍ ഇന്നലെ നടത്തിയ മര്യാദ പഠന പ്രായോഗിക പരിശീലനം ഒരു മണിക്കൂര്‍ നടത്തിയതോടെ പൊലീസുകാരെല്ലാം ഇന്ന് മുതല്‍ മാന്യന്‍മാരായിരിക്കുമെന്ന് കരുതാനും വയ്യ.

പൊതുജനങ്ങളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ക്കും പറയാനുണ്ട്, അവര്‍ മേലുദ്യോഗസ്ഥരില്‍ നിന്നും നേരിടുന്ന മാനസിക സമ്മര്‍ദത്തിന്റെയും പീഡനങ്ങളുടെയും അനുഭവങ്ങള്‍. ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിര്‍ബന്ധിക്കുന്ന മേലുദ്യോഗസ്ഥര്‍ തങ്ങളോട് മനുഷ്യത്വത്തോടെ പെരുമാറാറില്ലെന്ന് പൊലീസുകാര്‍ പറയുന്നു. എന്തു കേസുകള്‍ വന്നാലും ബലിയാടാകാന്‍ കുറേ കീഴുദ്യോഗസ്ഥരുണ്ടാകും. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം മനംമടുത്ത് ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണവും ഓരോ വര്‍ഷം കഴിയുമ്പോഴും വര്‍ധിച്ചുവരികയാണ്. മാനസിക സമ്മർദം താങ്ങാനാവാതെ കഴിഞ്ഞ 16 മാസത്തിനിടെ 17 പൊലീസുകാർ ആത്മഹത്യ ചെയ്തു. ലോക്കൽ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ ദുരിതം. നിയമപ്രകാരം ജോലി എട്ടു മണിക്കൂറാണ് ജോലി. പക്ഷേ പലപ്പോഴും തുടർച്ചയായി 16 മണിക്കൂർ വരെ പണിയെടുക്കേണ്ടിവരുന്നു. വിശ്രമമില്ലാത്ത ജോലിക്ക് ശേഷം വാഹനമോടിച്ച് വീട്ടിലേക്ക് പോയ പൊലീസുകാർ അപകടത്തിൽപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. ഭാര്യയോ മക്കളോ മാതാപിതാക്കളോ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ആയാൽ പോലും പോകാൻ കഴിയാത്ത അവസ്ഥ. ട്രാഫിക്കിൽ തുടർച്ചയായി രണ്ട് മണിക്കൂറായിരുന്നു നേരത്തേ ജോലിസമയം. ഇതു പിന്നീട് മൂന്നു മണിക്കൂറാക്കി. വാഹനപ്പെരുപ്പത്തിന് ആനുപാതികമായി ട്രാഫിക് പൊലീസുകാരുടെ എണ്ണം വർധിപ്പിച്ചില്ല.

മേലുദ്യോഗസ്ഥർ നിശ്ചയിച്ചുനൽകിയ ലക്ഷ്യം തികക്കാനുള്ള പെടാപ്പാടാണ് മനുഷ്യത്വരഹിതമായ വാഹനപരിശോധനക്ക് പ്രേരിപ്പിക്കുന്നതത്രെ. ദിവസം ചുരുങ്ങിയത് പത്ത് ഹെൽമറ്റ് കേസും അഞ്ച് മദ്യപിച്ച് വാഹനമോടിക്കുന്ന കേസും പിടിക്കണമെന്നാണ് നിർദേശം. രാത്രി പട്രോളിങിനിടെ രണ്ട് അപരിചിതരെയെങ്കിലും പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കണം. സ്റ്റേഷന്റെ സ്വഭാവമനുസരിച്ച് ഈ പരിധി ഉയരും. ലക്ഷ്യം തികക്കാത്തവർ ശകാരം കേൾക്കേണ്ടിവരും. വീഴ്ച ആവർത്തിച്ചാൽ വാർഷിക ഇൻക്രിമെന്റ് തടയുന്നതടക്കം കർശന നടപടിയുണ്ടാകും. പ്രധാന ചുമതലകളായ കേസന്വേഷണവും ക്രമസമാധാന പാലനവും നിർവഹിക്കാൻ പൊലീസിന് കഴിയാത്ത അവസ്ഥയാണ്. സുപ്രധാന കേസുകളിലൊന്നും ശരിയായ അന്വേഷണം നടക്കുന്നില്ല. രാഷ്ട്രീയക്കാരുടെ സമ്മർദമാണ് പ്രധാന കാരണം. പൊലീസ് നടപ്പാക്കുന്ന പല പദ്ധതികളും മേലുദ്യോഗസ്ഥരുടെ സ്വാർഥലാഭം ലക്ഷ്യമിട്ടുള്ളതാണെന്നും ആക്ഷേപമുണ്ട്.