LiveTV

Live

Kerala

മുത്തശ്ശി കിണറ്റിൽ വീഴുന്ന വീഡിയോ; സത്യത്തില്‍ സംഭവിച്ചത് ഇതാണ്..

മുത്തശ്ശി കിണറ്റിൽ വീഴുന്ന വീഡിയോ; സത്യത്തില്‍ സംഭവിച്ചത് ഇതാണ്..
Summary
കൊച്ചുമക്കൾ സെൽഫി എടുക്കുന്നതിനിടെ മുത്തശ്ശി കിണറ്റിൽ വീഴുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ

കൊച്ചുമക്കൾ സെൽഫി എടുക്കുന്നതിനിടെ മുത്തശ്ശി കിണറ്റിൽ വീഴുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ യഥാർത്ഥമല്ലെന്ന വെളിപ്പെടുത്തലുമായി സിനിമാ സംവിധായകൻ. സിനിമയുടെ പ്രചരണത്തിന് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണ് യഥാർത്ഥ സംഭവമെന്ന രീതിയിൽ പ്രചരിക്കുന്നതെന്ന് സംവിധായകൻ കെ രാധാകൃഷ്ണൻ പാലക്കാട് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ വാട്ട്സ്ആപ്പിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന ഈ വീഡിയോ യഥാർത്ഥ സംഭവമാണെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. ഈ വീഡിയോ പതിനഞ്ച് ലക്ഷത്തോളം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു. നിരവധി പേർ ഷെയർ ചെയ്തു. എന്നാൽ സംഭവത്തിന്റെ യാഥാർത്ഥ്യം മറ്റൊന്നാണ്. പാലക്കാട് സ്വദേശിയായ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന വീണ്ടും എന്ന സിനിമയ്ക്കു വേണ്ടി ചിത്രീകരിച്ച രംഗമാണിത്.

ആധികാരികത ഇല്ലാത്ത വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് എന്ന് തെളിയിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. വീഡിയോ ഇത്രയധികം പ്രചരിച്ചിട്ടും അധികൃതർ ആരും ദൃശ്യങ്ങളുടെ ആധികാരിത അന്വേഷിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. വീഡിയോയിൽ കിണറ്റിൽ വീണ മുത്തശ്ശിയായി അഭിനയിച്ച കൂനത്തറ രാജലക്ഷ്മിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.