LiveTV

Live

Kerala

യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം

യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം
Summary
ഒന്നാം പ്രതിയും യുവതിയുടെ ഭര്‍ത്താവുമായിരുന്ന മുഹമ്മദ് റിയാസിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസിലെ രണ്ട് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഏഴാം പ്രതി ഫയാസ്, പത്താം പ്രതി സിയാദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒന്നാം പ്രതിയും യുവതിയുടെ ഭര്‍ത്താവുമായിരുന്ന മുഹമ്മദ് റിയാസിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി.

ഗുജറാത്തില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് യുവതിയുടെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളായ മാഞ്ഞാലി സ്വദേശികളായ രണ്ട് യുവാക്കളും അറസ്റ്റിലായത്. നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഒന്നാം പ്രതി മുഹമ്മദ് റിയാസിനും പരാതിക്കാരിയായ യുവതിക്കും താമസിക്കാനാവശ്യമായ സ്ഥലം ഒരുക്കി നല്‍കിയതിന്റെ പേരിലായിരുന്നു ഫയാസും സിയാദും അറസ്റ്റിലായത്. കേസ് ഏറ്റെടുത്ത എന്‍ഐഎ പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. 2015 ൽ ബംഗലുരുവിൽ പഠിക്കുന്ന സമയത്താണ് റിയാസും പരാതിക്കാരിയായ യുവതിയും അടുപ്പത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്. റിയാസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടർന്ന് ഹാജരാക്കിയ പെണ്‍കുട്ടിയെ ഹൈക്കോടതി റിയാസിനൊപ്പം വിട്ടയക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് റിയാസിനും പരാതിക്കാരിയായ യുവതിക്കും താമസിക്കാനാവശ്യമായ സൌകര്യം ചെയ്ത് കൊടുത്തതെന്ന ഫയാസിന്റെയും സിയാദിന്റെയും വാദം പരിഗണിച്ചാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. നിയമപരമായി വിവാഹം കഴിച്ചതിന്റെ രേഖകള്‍ അടക്കം ഹാജരാക്കിയിരുന്നുവെങ്കിലും റിയാസിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വിദേശത്തായിരുന്ന ഒന്നാം പ്രതി റിയാസിനെ നാട്ടിലേക്ക് മടങ്ങുംവഴി ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ മാസം 17 നാണ് പിടികൂടിയത്.