LiveTV

Live

Kerala

ചര്‍ച്ച പരാജയം: സമരം ശക്തമാക്കി കെ വി എം ആശുപത്രിയിലെ നേഴ്സുമാര്‍

 ചര്‍ച്ച പരാജയം: സമരം ശക്തമാക്കി കെ വി എം ആശുപത്രിയിലെ നേഴ്സുമാര്‍
Summary
സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് യു എന്‍ എ നേതൃത്വം

തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയും പരാജയപ്പട്ടതോടെ ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ശക്തമാക്കി. ആശുപത്രിക്കു മുന്‍പില്‍ യു എന്‍ എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. ഉടന്‍ തന്നെ സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് യു എന്‍ എ നേതൃത്വം പറഞ്ഞു.

തൊഴില്‍ മന്ത്രിയുടെയും സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി തിലോത്തമന്റെയും സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയപ്പെട്ട് നേതാക്കള്‍ തിരിച്ചത്തി അര്‍ദ്ധ രാത്രി ഒന്നരമണിക്കു തന്നെ കെ വി എം ആശുപത്രിക്കു മുന്‍പില്‍ നേഴ്സുമാര്‍ സമരം പുനരാരംഭിച്ചിരുന്നു. ചര്‍ച്ചയില്‍ നിഷേധാത്മകമായ സമീപനമാണ് ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ചതെന്ന് യു എന്‍ എ നേതാക്കള്‍ പറഞ്ഞു.

സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കെ വി എം മാനേജ്മെന്റിന് പിന്തുണയുമായി ആശുപത്രി ഉടമകളുടെ സംഘടന മുന്നോട്ട് വന്ന സാഹചര്യത്തില്‍ സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും സംസ്ഥാന വ്യാപകമായി പണിമുടക്ക് അടക്കമുള്ള സമരമാര്‍ങ്ങളിലേക്ക് തിരിയുമെന്നും യു എന്‍ എ മുന്നറിയിപ്പ് നല്‍കി. തൊഴില്‍ നിയമങ്ങളും ആരോഗ്യ മേഖലയിലെ നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ കെ വി എം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വട്ടം ചര്‍ച്ച ആലപ്പുഴ കേന്ദ്രീകരിച്ച് നടത്താമെന്നാണ് സര്‍ക്കാര്‍ നഴ്സുമാരെ അറിയിച്ചിരിക്കുന്നത്.