LiveTV

Live

Kerala

ആരോഗ്യസുരക്ഷയില്‍ കേരളവും പഞ്ചാബും ഒന്നാമത്; ഏറ്റവും മോശം യുപിയും രാജസ്ഥാനും

ആരോഗ്യസുരക്ഷയില്‍ കേരളവും പഞ്ചാബും ഒന്നാമത്; ഏറ്റവും മോശം യുപിയും രാജസ്ഥാനും
Summary
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ മാതൃകയാക്കണമെന്ന് കുറച്ച് കാലം മുമ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ മാതൃകയാക്കണമെന്ന് കുറച്ച് കാലം മുമ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കുറച്ച് ഉപദേശങ്ങളും യോഗി നല്‍കിയിരുന്നു. പക്ഷേ യോഗിക്ക് നാണക്കേടായിരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യഫല സൂചിക റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യസുരക്ഷയില്‍ ഏറ്റവും മുമ്പിലാണ് കേരളവും പഞ്ചാബും. ഏറ്റവും മോശം അവസ്ഥയിലാണ് യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശും ബിജെപി ഭരിക്കുന്ന രാജസ്ഥാനും. ഉത്തര്‍പ്രദേശിലെ കൂട്ട ശിശുമരണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായിരുന്നു.

നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് രാജ്യത്തിന്റെ ആരോഗ്യഫല സൂചിക പുറത്തിറക്കിയത്. ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളം. തൊട്ടുപിന്നില്‍ പഞ്ചാബ്, തമിഴ്‍നാട്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ്. മധ്യപ്രദേശ്, ഒഡീഷ, ബിഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ആരോഗ്യ സുരക്ഷയില്‍ ഏറ്റവും മോശം സ്ഥാനങ്ങളിലുള്ളവര്‍. ചെറു സംസ്ഥാനങ്ങളില്‍ മിസോറാം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയവരാണ് ആരോഗ്യസുരക്ഷയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ലക്ഷദ്വീപ്, ചണ്ഡീഗഡ്, ഡല്‍ഹി തുടങ്ങിയ ഇടങ്ങളാണ് മുന്നില്‍. ആരോഗ്യമന്ത്രാലയവും ഡബ്ല്യുബിഐയും ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യഫല സൂചിക തയാറാക്കിയത്.