LiveTV

Live

Kerala

കാന്തപുരവുമായി ഐക്യ ചര്‍ച്ച നടത്താന്‍ സമസ്ത

കാന്തപുരവുമായി ഐക്യ ചര്‍ച്ച നടത്താന്‍ സമസ്ത
Summary
സുന്നികള്‍ ഐക്യപ്പെടണമെന്ന ആഗ്രഹം എപി- ഇകെ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തം

കാന്തപുരം വിഭാഗവുമായി ഐക്യ ചര്‍ച്ച നടത്താന്‍ നാലംഗ സമിതിയെ സമസ്ത മുശാവറ ചുമതലപ്പെടുത്തി. മുത്വലാഖ് ബില്ലിനെതിരെ പാര്‍ലമെന്‍റില്‍ നിലപാടെടുത്ത കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ മുശാവറ യോഗം അഭിനന്ദിച്ചു.

സുന്നികള്‍ ഐക്യപ്പെടണമെന്ന ആഗ്രഹം എപി- ഇകെ വിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശക്തമാണ്. അനൌദ്യോഗിക ഐക്യ ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഐക്യ ചര്‍ച്ചകള്‍ക്കായി നാലംഗ സമിതിയെ സമസ്ത മുശാവറ ചുമതലപ്പെടുത്തിയത്. ഡോ. ബഹാവുദ്ദീന്‍ നദ്‍വി, ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഹമീദ് ഫൈസി അമ്പക്കടവ് എന്നിവരാണ് ഐക്യ ചര്‍ച്ചകളില്‍ പങ്കെടുക്കുക. പാണക്കാട് കുടുംബത്തില്‍ നിന്നുള്ള രണ്ട് നേതാക്കള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത വിഷയം മുശാവറയില്‍ വീണ്ടും ചര്‍ച്ചയായി.

ആശയപരമായി സുന്നികള്‍ക്ക് വിയോജിപ്പുള്ള മുജാഹിദ് അടക്കമുള്ള സംഘടനകളുമായി പൊതുവിഷയങ്ങളില്‍ സഹകരിക്കുന്നസമീപനം തുടരും. എന്നാല്‍ ഇത്തരം സംഘടനകളുടെ ആദര്‍ശപരമായ പരിപാടികളില്‍ നിന്നും സമസ്ത നേതാക്കള്‍ വിട്ടു നില്‍ക്കണമെന്ന നിലപാടില്‍ മാറ്റമുണ്ടാകില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ സംഘടനാ പദവികളില്‍ നിന്ന് നീക്കാനും മുശാവറ യോഗം തീരുമാനിച്ചു. മുത്വലാഖ് ബില്ലിനെതിരെ പാര്‍ലമെന്‍റില്‍ നിലപാടെടുത്ത കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളെ യോഗം അഭിനന്ദിച്ചു. ബില്ലിനെതിരെ നിയമപോരാട്ടം തുടരാനും മുശാവറ യോഗം തീരുമാനിച്ചു.