LiveTV

Live

Kerala

സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കി

സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കി
Summary
ശമ്പള സംവിധാനത്തെ ഹാജരുമായി ബന്ധിപ്പിച്ചതോടെ സ്ഥിരം വൈകിയെത്തുന്നവര്‍ക്കും നേരത്തെ പോകുന്നവര്‍ക്കും ശമ്പളം നഷ്ടമാകും

സെക്രട്ടേറിയറ്റില്‍ ഇന്ന് മുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കി. ശമ്പള സംവിധാനത്തെ ഹാജരുമായി ബന്ധിപ്പിച്ചതോടെ സ്ഥിരം വൈകിയെത്തുന്നവര്‍ക്കും നേരത്തെ പോകുന്നവര്‍ക്കും ശമ്പളം നഷ്ടമാകും. ജീവനക്കാരുടെ സംഘടനകള്‍ പഞ്ചിംഗിന് അനുകൂലമല്ലെങ്കിലും കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഭരണസിരാകേന്ദ്രത്തില്‍ ഇനി പേരിന് മാത്രമുള്ള പഞ്ചിംഗ് നടക്കില്ല. കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകണം. തിരിച്ച് പോകുമ്പോഴും പഞ്ച് ചെയ്യണം. ഒന്നര ദശാബ്ദം മുമ്പേ സെക്രട്ടറിയേറ്റില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തിയെങ്കിലും ശമ്പളത്തെ ബാധിച്ചിരുന്നില്ല. സെക്രട്ടറിയേറ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ശമ്പള വിതരണ സംവിധാനമായ സ്പാര്‍ക്കുമായാണ് പഞ്ചിംഗ് ബന്ധിപ്പിച്ചിട്ടുള്ളത്. അനധികൃതമായി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ക്ക് ഇതോടെ ശമ്പളം നഷ്ടപ്പെടും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവരൊഴികെ മുഴുവന്‍ ജീവനക്കാരും പഞ്ച് ചെയ്യണം. ഒരു മാസത്തില്‍ മൂന്ന് മണിക്കൂര്‍ ഗ്രേസ് ടൈം ഉണ്ട്. ഈ പരിധി കഴിയുന്നവര്‍ക്ക് ഒരു കാഷ്വല്‍ ലീവ് നഷ്ടമാകും. പഞ്ചിംഗിനൊപ്പം ഹാജര്‍ പുസ്തകത്തിലും ഒപ്പിടണം.

ജീവനക്കാരുടെ സംഘടനകള്‍ പഞ്ചിംഗിനെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിലപാടെടുത്തു. പഞ്ചിംഗിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പുതിയ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും വ്യക്തമാക്കിയിരുന്നു. നേരിയ ആശങ്കയോടെയാണ് ജീവനക്കാര്‍ പുതിയ സംവിധാനത്തെ സ്വീകരിക്കുന്നത്

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും പഞ്ചിംഗ് നിര്‍ബന്ധമാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അപ്രായോഗികത ചൂണ്ടിക്കാട്ടി അവര്‍ ഒന്നടങ്കം എതിര്‍ത്തു. അതിനാല്‍ തത്കാലം പെഴ്‌സണല്‍ സ്റ്റാഫിന് പഞ്ചിംഗ് നിര്‍ബന്ധമാക്കില്ല. പൊതുഭരണം, ധനം, നിയമ വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറിമാരാകും പഞ്ചിംഗ് നിരീക്ഷിക്കുക. ക്രമേണ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.