LiveTV

Live

Kerala

കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ നൂറിലധികം ബോട്ടുകളെക്കുറിച്ച് വിവരമില്ല

കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ നൂറിലധികം ബോട്ടുകളെക്കുറിച്ച് വിവരമില്ല
Summary
കടല്‍ ശാന്തമായി തുടങ്ങിയെങ്കിലും കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നൂറിലധികം ബോട്ടുകളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. തമിഴ്നാട്ടിലെ തുത്തൂര്‍ സ്വദേശികളുടെ..

കടല്‍ ശാന്തമായി തുടങ്ങിയെങ്കിലും കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നൂറിലധികം ബോട്ടുകളെക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. തമിഴ്നാട്ടിലെ തുത്തൂര്‍ സ്വദേശികളുടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകളെക്കുറിച്ചാണ് വിവരം ലഭിക്കാത്തത്. അതിനിടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ടുകളില്‍ ഒന്ന് ഇന്നലെ രാത്രി മഹാരാഷ്ട്രതീരത്ത് കടലാക്രമണത്തില്‍ തകര്‍ന്നതായി വിവരം ലഭിച്ചു.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 217 ബോട്ടുകളില്‍ 102 ബോട്ടുകളെക്കുറിച്ചാണ് കൃത്യമായ വിവരം ഇല്ലാത്തത്. 111 ബോട്ടുകള്‍ പല തീരങ്ങളിലായി സുരക്ഷിതമാണ്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആകാശ് എന്ന ബോട്ട് ഇന്നലെ രാത്രി മഹാരാഷ്ട്ര തീരത്ത് തകരുകയും തീരസംരക്ഷണസേന മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തുകയും ചെയ്തു. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപ് ഭാഗത്തേക്ക് പോയ 13 ബോട്ടുകളില്‍ മൂന്ന് ബോട്ടുകളാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നത്. ഒരു തൊഴിലാളി മരിക്കുകയും 2 തൊഴിലാളികളെ കാണാതാവുകയും ചെയ്തു.

കൊച്ചി ഫിഷിങ് ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ബോട്ടുകളെ സംബന്ധിച്ച് ജില്ലാഭരണകൂടത്തിനടക്കം കൃത്യമായ ധാരണയില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. വിവരം ലഭിക്കാത്ത ബോട്ടുകളില്‍ അധികവും മഹാരാഷ്ട്ര, ഗുജറാത്ത് ഭാഗത്തെ ഉള്‍ക്കടലിലായിരിക്കാനുള്ള സാധ്യതയാണ് തൊഴിലാളികള്‍ പങ്കുവെക്കുന്നത്.