LiveTV

Live

Kerala

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ വിതച്ചത് കനത്ത ദുരിതം

ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ വിതച്ചത് കനത്ത ദുരിതം
Summary
കാറ്റിന്റെ ശക്തി കുറഞ്ഞതിന്റെ ആശ്വാസം മാത്രമാണ് ദ്വീപിലെ വിവിധ പ്രദേശങ്ങളിലുള്ളത്

ഓഖി ചുഴലിക്കാറ്റ് കനത്ത ദുരിതമാണ് ലക്ഷ ദ്വീപില്‍ വിതച്ചത്. കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. കുടിവെള്ള വിതരണം തടസ്സപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് നേവിയുടെയോ തീരസേനയുടെയോ സഹായം ലഭിക്കാതിരുന്നത് ദ്വീപില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ള 8 മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ദ്വീപില്‍ എത്തിയിട്ടുണ്ട്. ജീവിതത്തിലേക്ക് അവിശ്വസനീമയായി തിരിച്ചുവന്നവരാണിവര്‍.

തമിഴ്നാട്ടിലെ തെങ്കപ്പട്ടണത്തുനിന്ന് 11 തൊഴിലാളികളുമായി കടലില്‍പോയ ബോട്ട് കാറ്റില്‍പെട്ട് തകര്‍ന്നത് വെള്ളിയാഴ്ച. പിന്നീട് ഇവര്‍ക്ക് ആശ്രമയായത് മത്സ്യബന്ധന ഉപകരണങ്ങള്‍. അവ കൂട്ടിക്കെട്ടി കടലില്‍ നീന്തിയ സംഘം ഇന്ന് പുലര്‍ച്ചെയാണ് കല്‍പേനിയിലെത്തിയത്. ഇതിനിടെ രണ്ട് പേര്‍ പിടിവിട്ടുപോയി. അവരെക്കുറിച്ച് ഒരു വിവരവും ഇതുവരെ ഇല്ല. കരക്കെത്തുന്പോള്‍ തമിഴ്നാട് സ്വദേശി സെദിനാന്‍ മരിച്ചിരുന്നു. കാറ്റ് കനത്ത നാശം വിതച്ച ലക്ഷദ്വീപില്‍ കാര്യമായ രക്ഷാ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ല.

നേവിയും കോസ്റ്റ്ഗാഡും ഒരു സഹായവും ചെയ്യുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ഒരുപോലെ പറയുന്നു. കാറ്റില്‍ വ്യാപക നാശമുണ്ടായ ലക്ഷദ്വീപില്‍ ഗതാഗത സംവിധാനവും കുടിവെള്ള വിതരണവും താറുമാറായി. ജലശുദ്ധീകരണ പ്ലാന്റ് തകര്‍ന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതിന്റെ ആശ്വാസം മാത്രമാണ് ദ്വീപിലെ വിവിധ പ്രദേശങ്ങളിലുള്ളത്.