LiveTV

Live

Kerala

വിദേശ പൌരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലത്തൂര്‍ എസ്റ്റേറ്റ് ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തില്ല

വിദേശ പൌരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലത്തൂര്‍ എസ്റ്റേറ്റ് ഇതുവരെ സര്‍ക്കാര്‍ ഏറ്റെടുത്തില്ല
Summary
വിദേശിയുടെ സ്വത്തുക്കള്‍ മൈസുരുവിലും കാട്ടിക്കുളത്തുമുള്ള തട്ടിയെടുത്തെന്ന കേസ് പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം തേടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ എസ്റ്റേറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ വൈകുകയാണ്.

വിദേശ പൌരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വയനാട് കാട്ടിക്കുളത്തെ ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് ഇതുവരെയും നടപ്പിലായില്ല. വിദേശിയുടെ സ്വത്തുക്കള്‍ മൈസുരുവിലും കാട്ടിക്കുളത്തുമുള്ള തട്ടിയെടുത്തെന്ന കേസ് പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം തേടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ എസ്റ്റേറ്റ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ വൈകുകയാണ്.

നാല് വര്‍ഷം മുന്‍പാണ് ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവായത്. സ്ഥല ഉടമയായിരുന്ന ജൂബര്‍ട്ട് വാന്‍ ഇങ്കന്റെ ദത്തുപുത്രന്‍ എന്നവകാശപ്പെട്ട് മൈക്കിള്‍ ഫ്ലോയിഡ് ഈശ്വറാണ് എസ്റ്റേറ്റ് കൈവശം വച്ചിരുന്നത്. വ്യാജ രേഖകള്‍ നിര്‍മിച്ചും വഞ്ചിച്ചുമാണ് മൈക്കിള്‍ എസ്റ്റേറ്റ് തട്ടിയെടുത്തതെന്ന കേസാണ് ഇപ്പോഴും സുപ്രീംകോടതിയിലുള്ളത്.

സ്വാതന്ത്യത്തിന് മുന്‍പേ ഡച്ച് പൌരനായ ജൂബര്‍ട്ട് വാന്‍ ഇങ്കന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു മുന്നൂറേക്കര്‍ വരുന്ന ആലത്തൂര്‍ എസ്റ്റേറ്റ്. ഇന്ത്യയില്‍ ഭൂമിയുള്ള വിദേശ പൌരന് രക്തബന്ധത്തില്‍ അവകാശികളില്ലെങ്കില്‍ ഭൂമി സര്‍ക്കാരിനേറ്റെടുക്കാം എന്നതാണ് 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം പറയുന്നത്.

മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി കാണിച്ച് 2013 മാര്‍ച്ച് 11ന് ജുബര്‍ട്ട് വാന്‍ ഇങ്കന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഭൂമി ഇടപാടിനെക്കുറിച്ച് സംശയമുയര്‍ന്നത്. പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞ് വാന്‍ ഇങ്കനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.