LiveTV

Live

Kerala

തിരിച്ചടവ് സഹായ പദ്ധതി പ്രഖ്യാപനം മാത്രം; വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ജപ്തി ഭീഷണിയില്‍

Summary
സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരിച്ചടവ് സഹായ പദ്ധതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചു തുടങ്ങിയത്

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരിച്ചടവ് സഹായ പദ്ധതി കാറ്റില്‍ പറത്തി ബാങ്കുകള്‍ ജപ്തി നടപടിയുമായി രംഗത്ത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ മാത്രം നൂറുകണക്കിന് പേര്‍ക്കാണ് റവന്യൂ വകുപ്പ് ഇതിനോടകം ജപ്തി നോട്ടീസ് അയച്ചത്.

തിരിച്ചടവ് മുടങ്ങിയ ഒമ്പത് ലക്ഷം രൂപ വരെയുളള വിദ്യാഭ്യാസ വായ്പകളില്‍ നാല്‍പത് ശതമാനം മുന്‍കൂറായി അടക്കുന്നവരുടെ വായ്പാ തുകയുടെ ബാക്കി സര്‍ക്കാര്‍ അടക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 900 കോടി രൂപ നീക്കി വെച്ചതായും പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനുളള അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചു തുടങ്ങിയത്. ജില്ലയിലെ ആലക്കോട്, ഇരിട്ടി മേഖലയില്‍ മാത്രം നൂറിലേറെ പേര്‍ക്ക് ഇതിനോടകം റവന്യൂ വകുപ്പിന്റെ ജപ്തി നോട്ടീസ് ലഭിച്ചു കഴിഞ്ഞു.

കാര്‍ഷിക മേഖലയിലുണ്ടായ വിലത്തകര്‍ച്ചയും വിളനാശവും മൂലം ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന മലയോരത്തെ കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ പേരിലുളള ജപ്തി നടപടി കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ജപ്തി നോട്ടീസ് സ്വാഭാവിക നടപടി മാത്രമാണന്നും വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.