ഗെയില്‍ വിരുദ്ധ സമരം; സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അവ്യക്തത
ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗം സംബന്ധിച്ച് അവ്യക്തത .സർവ്വകക്ഷി യോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്നത് വ്യവസായ വകുപ്പാണ് തീരുമാനിക്കുകയെന്ന് ജില്ലാ ഭരണകൂടം. സർവ്വകക്ഷി യോഗത്തെകുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സമരസമിതി. നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാതെ ചർച്ചക്കില്ലെന്നും സമരസമിതി.
തിങ്കളാഴ്ച വൈകീട്ട് സർവ്വകക്ഷി യോഗം വിളിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ സമരസമിതിക്കും രാഷ്ട്രീയ കക്ഷി നേതാക്കൾക്കും അറിയിപ്പ് ലഭിച്ചിട്ടില്ല. നിർമ്മാണ പ്രവൃത്തികൾ നിർത്തിവെച്ച് സമരക്കാർക്ക് സർവ്വകക്ഷി ചർച്ചയിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സർവ്വകക്ഷിയോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
വിളിക്കേണ്ടവരുടെ കരട് ലിസ്റ്റ് തയ്യാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക വ്യവസായ വകുപ്പായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.