LiveTV

Live

Kerala

പീഡനത്തിനിരയായ കുട്ടിക്ക് ചികിത്സ നല്‍കിയില്ല; ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ

പീഡനത്തിനിരയായ കുട്ടിക്ക് ചികിത്സ നല്‍കിയില്ല; ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ
Summary
പത്തനംതിട്ടയില്‍ പീഡനത്തിനിരയായ അഞ്ച് വയസ്സുകാരിയെ വൈദ്യ പരിശോധന നടത്തുന്നതിന് വിസമ്മതിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രി ഡോക്ടര്‍മാരായ ഗംഗ, ലേഖ എന്നിവര്‍ക്കെതിരെ നടപടിക്ക്..

പത്തനംതിട്ട അയിരൂരില്‍ പീഡനത്തിന് ഇരയായ അഞ്ച് വയസ്സുകാരിയെ വൈദ്യ പരിശോധന നടത്തുന്നതിന് വിസമ്മതിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഗംഗ, ലേഖ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.

അയിരൂരില്‍ പീഡനത്തിന് ഇരയായ അഞ്ച് വയസ്സുകാരിയെ കഴിഞ്ഞ മാസം 15നാണ് അന്വേഷണ ഉദ്യോഗസ്ഥ വൈദ്യ പരിശോധനക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരായ ഗംഗയും ലേഖയും വൈദ്യപരിശോധന നടത്താന്‍ തയ്യാറായില്ല. ഉച്ചക്ക് രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ച കുട്ടിയെ രാത്രി 9 മണിയോടെ മടക്കി കൊണ്ടുപോയി. തുടര്‍ന്ന് അടുത്ത ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് വൈദ്യ പരിശോധന നടത്തിയത്. ഈ വിവരം അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയും ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് മജിസട്രേറ്റ് ഉത്തരവിടുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാര്‍ക്ക് എതിരായുളള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

കേസില്‍ കുട്ടിയുടെ ബന്ധുവും ഓട്ടോ ഡ്രൈവറുമായി റെജിയെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. രണ്ട് മാസം മുന്‍പാണ് സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ റെജിയെ ഓട്ടോയില്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.