LiveTV

Live

Kerala

വഴിത്തര്‍ക്ക പരിഹാരത്തിന് കൈക്കൂലി; പത്തനംതിട്ട നഗരസഭ അധ്യക്ഷക്കെതിരെ ആരോപണം

വഴിത്തര്‍ക്ക പരിഹാരത്തിന് കൈക്കൂലി; പത്തനംതിട്ട നഗരസഭ അധ്യക്ഷക്കെതിരെ ആരോപണം
Summary
വഴിത്തര്‍ക്കം പരിഹരിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ വൃദ്ധ ദമ്പതികളില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ‌ആരോപണം

വഴിത്തര്‍ക്കം പരിഹരിച്ച് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ വൃദ്ധ ദമ്പതികളില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ‌ആരോപണം. നഗരസഭ പരിപാലിക്കുന്ന റോഡ് സ്വകാര്യ റോഡാണെന്നും, റോഡ് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് വാര്‍ഡ് കൌണ്‍സിലര്‍ കൂടിയായ ചെയര്‍പേഴ്സണ്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. പത്തനംതിട്ട നഗരസഭ 28 മത് വാര്‍ഡില്‍ വാഴപ്ലാവില്‍ വി ജി ജോസഫും കുടുംബവുമാണ് വാര്‍ഡ് കൌണ്‍സിലര്‍ കൂടിയായ നഗരസഭ അധ്യക്ഷ രജനി പ്രദീപിനെതിരെ ആരോപണം ഉന്നയിക്കുന്നത്.

ജോസഫിന്റെ പുരയിടത്തിന്റെ ഓരത്ത് കൂടിപ്പോകുന്ന 10 അടി വീതിയിലും 70 മീറ്റര്‍ നീളവുമുള്ള റോഡ് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയായി നഗരസഭ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരുന്നു. രണ്ട് തെരുവു വിളക്കുകകളും സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് വീട്ടുകാര്‍ക്കാണ് ഈ റോഡുകൊണ്ടുള്ള പ്രയോജനം. വീടിന് പിന്‍വശത്തുള്ള പുരയിടത്തില്‍ മറ്റൊരു വീട് നിര്‍മിക്കുന്നതിനായി ജോസഫും കുടുംബവും ശ്രമം ആരംഭിച്ചപ്പോഴാണ് റോഡ് ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. റോഡ് സ്വകാര്യ റോഡാണെന്നാണ് നഗരസഭ അധ്യക്ഷ സ്വീകരിച്ച നിലപാട്. ഇത് സംബന്ധിച്ച് മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുകയാണ്. കേസ് ഒത്തുതീര്‍ക്കുന്നതിനും വഴിത്തര്‍ക്കം പരിഹരിക്കുന്നതിനുമാണ് നഗരസഭ അധ്യക്ഷ രജനി പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്.

വ്യക്തിവിരോധം തീര്‍ക്കുന്നതിനാണ് തനിക്കെതിരായ ആരോപണമെന്ന് രജനി പ്രദീപ് വിശദീകരിച്ചു. ആരോപണം തെളിയിക്കുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.