LiveTV

Live

Kerala

മാവൂരില്‍ കോളറ പടരുന്നു

മാവൂരില്‍ കോളറ പടരുന്നു
Summary
ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ കെട്ടിടമുടമ ചെയ്തു കൊടുക്കണമെന്ന ആവശ്യമാണ് നാട്ടുകാരും മുന്നോട്ട് വെക്കുന്നത്.

കോളറ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് മാവൂരിലെ ക്യാമ്പുകളില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍. ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും തൊഴിലാളികള്‍ കുടിക്കുന്നത് മലിനജലം.

രണ്ട് ഇതര സംസ്ഥാന തൊഴിലാളികളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഞങ്ങള്‍ മാവൂര്‍ തെങ്ങിലക്കടവിലെ ഈ കെട്ടിടത്തിലെത്തിയത്. കടമുറികള്‍ കെട്ടിയടച്ചാണ് തൊഴിലാളികളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഒരു മുറിയില്‍ താമസിക്കുന്നത് ഏഴുപേര്‍ വരെ.

ഇവിടെ താമസിച്ച രണ്ട് പേരിലാണ് കോളറ സ്ഥിരീകരിച്ചത്.ഏഴു പേര്‍ രോഗ ലക്ഷണത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും.തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂയെന്നായിരുന്നു ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശം.എന്നാല്‍ അഴുക്ക് അടിഞ്ഞു കൂടിയ ഈ ടാങ്കിലെ വെള്ളമാണ് ഇപ്പോഴും കുടിക്കുന്നതെന്ന് ഇവര്‍ തന്നെ പറയുന്നു. ഇവിടെ എഴുപത് പേര്‍ക്കായി ഉള്ളത് ആകെ രണ്ട് ശുചിമുറികള്‍.

പ്രാഥമിക കാര്യങ്ങള്‍ക്ക് ഇവരില്‍ പലരും ആശ്രയിക്കുന്നത് സമീപത്തെ പുഴയോരത്തെ. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ കെട്ടിടമുടമ ചെയ്തു കൊടുക്കണമെന്ന ആവശ്യമാണ് നാട്ടുകാരും മുന്നോട്ട് വെക്കുന്നത്.