Top

'ദിലീപിന്റെ വിവാഹവും ഒളിഞ്ഞുനോട്ടിസത്തിന് അടിമകളായ മലയാളികളും'

MediaOne Logo

Jaisy

  • Updated:

    2018-06-01 19:53:26.0

Published:

1 Jun 2018 7:53 PM GMT

ദിലീപിന്റെ വിവാഹവും ഒളിഞ്ഞുനോട്ടിസത്തിന് അടിമകളായ മലയാളികളും
X

'ദിലീപിന്റെ വിവാഹവും ഒളിഞ്ഞുനോട്ടിസത്തിന് അടിമകളായ മലയാളികളും'

ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്നം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ച വിഷയം. ഗ്രാമങ്ങളിലും നഗരങ്ങളിലും എന്നു വേണ്ട മുക്കിലും മൂലയിലുമെല്ലാം ദിലീപും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസാര വിഷയമായിരിക്കുന്നു. ഓരോ ദിവസവും താരത്തെക്കുറിച്ച് പുതിയ പുതിയ കാര്യങ്ങളാണ് പുറത്തുവരുന്നത്, അതോടൊപ്പം നിരവധി ആരോപണങ്ങളും. ശരിക്കും ഇത്തരം പുറത്തുവിടലുകളില്‍ മലയാളി ശരിക്കും ആനന്ദം കണ്ടെത്തുകയാണ് എന്നതാണ് മറ്റൊരു വസ്തുത. ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പ് വിവാഹിതനായിരുന്നുവെന്നാണ് നടനെക്കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ പൊടിപൊടിക്കുന്നത്. നടിയെ ആക്രമിച്ച കേസും ദിലീപിന്റെ ആദ്യവിവാഹവുമായി എന്ത് ബന്ധമാണുള്ളതെന്ന് ചോദിക്കുകയാണ് സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമന. ദിലീപോ കോവാലകൃഷ്ണനോ കാവ്യയോ വക്കീലോ ആരുമാകട്ടെ അവർക്കിഷ്ടമുള്ളവരെ നിയമപരമായി വിവാഹം ചെയ്യാനോ ഡിവോഴ്സ് ചെയ്യാനോ ലിവിങ് ടുഗെതർ നടത്താനോ ശാരീരിക ബന്ധത്തിലേർപ്പെടാനോ ഈ രാജ്യത്ത് നിയമപരമായി അവകാശമുണ്ട് അത് ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളതെന്ന് ശ്രീജിത്ത് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഐ ആം സോ ഫെയില്ഡ് ഓഫ് യു

ഇതാ കണ്ടുപിടിച്ചിരിക്കുന്നൂ ദിലീപിന് മഞ്ജുവിനേക്കാൾ മുന്നൊരു ഭാര്യയുണ്ട്.. രേഖകൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ ആലുവ സബ് രജിസ്ട്രാർ ആപ്പീസിനുള്ളിൽ ആഴത്തിൽ കുഴിച്ചാണ് കണ്ടെത്തിയത്. നാസയുടെ ബഹിരാകാശ പേടകം എടുത്ത് നൽകിയ ത്രിമാന ചിത്രത്തിൽ നിന്നുമാണ് ആദ്യവിവാഹത്തിന്റ രേഖകൾ തെളിഞ്ഞു വന്നത്. പിന്നീട് കേരളാപോലീസിലെ സദാചാര വിഭാഗം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് യന്ത്രണങ്ങളുപയോഗിച് വിവാഹ രജിസ്റ്റർ കണ്ടെത്തിയത്.

മനോരമയുടെ സീനിയർ സദാചാര എഡിറ്ററും സ്ഥലത്തുണ്ടായിരുന്നൂ. ഇതിനുമുൻപ് സമാനമായ രീതിയിൽ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് എന്ന സ്ഥാപനത്തിന്റെ സാറ്റലൈറ്റ് ചിത്രവും കുമരകത്തെ സ്ഥലത്തിന്റെ ചിത്രവും നാസ പകർത്തി കേരള പൊലീസിന് കൈമാറിയിരുന്നു. സോഷ്യൽ മീഡിയയിൽ ധൃതംഗ പുളകിതരായ് രമിക്കുന്ന പോരാളികൾക്ക് സദാചാര ആത്മരതിക്ക് മറ്റെന്തുവേണം. എന്തായാലും വാർത്തയുടെ ചീഫ് എഡിറ്റർ മലയാളികളുടെ സാമൂഹ്യപാഠവും ബയോളജിയും, ഫിസിയോളജിയും എന്നുവേണ്ട സൈക്കോളജിയും ഞരമ്പോളജിയും മാത്തമാറ്റിക്സുമറിയുന്ന ഒരു മികച്ച ബിസിനസ് മാർക്കേറ്റർ ആണെന്നത് പറയാതെ വയ്യ. ഞാനും നിങ്ങളുമടങ്ങുന്ന നാം നമ്മെ തന്നെ ഒരുതരം സരോജ്‌കുമാർ സ്റ്റൈലിൽ വിളിക്കുന്ന പ്രബുദ്ധർ എന്ന വാക്കിനു യഥാർത്ഥത്തിൽ ഞരമ്പർ എന്നാണ്‌ പര്യായം എന്നത് ഇത്തരം വാർത്തകൾ സൃഷ്ടിച്ച ഓളങ്ങളിൽ നിന്നും പകൽ പോലെ വ്യക്തമാണ്. അത്തരം ഒരു കപട സദാചാര മാനസികാവസ്ഥ മുതലെടുത്താണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനാധിപത്യത്തിന്റെ നാലാം തൂണിൽ ഇക്കിളി മാർക്കെറ്റിംഗിന്റെ പുത്തൻ ആണികൾ അടിച്ചു കേറ്റുന്നത്.

സദാചാര ഫണം വിടർത്തിയാടുന്ന ലിംഗമാണിവിടുത്തെ അഖില ലോക പ്രശ്‌നം ! സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലിംഗമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിൾ ആണ്. ചുംബനവും രതിയുമൊക്കെ അവിടെ നിൽക്കട്ടെ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചാൽ , വിവാഹമോചനം നടത്തിയാൽ കപ്പല് കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം. പൊതുവേ വലിയ വിശാലമനസ്ക്കാരനാണ് നമ്മൾ എന്നാണു നമ്മുടെ തന്നെയൊരു വെപ്പ് എങ്കിലും ഇടുങ്ങിയതും ദുർബലവും മലീമസവുമായ മനസ്സിനുടമകളും ഒളിഞ്ഞുനോട്ടിസം എന്ന ഞരമ്പ് രോഗത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളുമാണ് നമ്മൾ എന്നതാണ് യാഥാർഥ്യം.

തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം. മറ്റുള്ളവരുടെ കുറ്റവും കുറ്റവും ആത്മരതിക്കുള്ള ഉപാധിയായി മാറ്റുന്ന സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു. കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലെയും മാധ്യമങ്ങളെ ഉൾപ്പെടെ കൊണ്ടുചെന്നെത്തിക്കുന്നത് .

ഈ വാർത്ത സംസാരിക്കുന്നതു അത് തന്നെയാണ്. ദിലീപോ കോവാലകൃഷ്ണനോ കാവ്യയോ വക്കീലോ ആരുമാകട്ടെ അവർക്കിഷ്ടമുള്ളവരെ നിയമപരമായി വിവാഹം ചെയ്യാനോ ഡിവോഴ്സ് ചെയ്യാനോ ലിവിങ് ടുഗെതർ നടത്താനോ ശാരീരിക ബന്ധത്തിലേർപ്പെടാനോ ഈ രാജ്യത്ത് നിയമപരമായി അവകാശമുണ്ട് .അത് ചോദ്യം ചെയ്യാൻ സ്റ്റേറ്റിനോ അതിലെ ഫോഴ്സിനോ ഏതു നിയമമാണ് അനുവാദം നൽകിയിട്ടുള്ളത് ? അതല്ല എങ്കിൽ ഇപ്പോഴുള്ള കേസുമായി ദിലീപിന്റെ ആദ്യ വിവാഹത്തിനു അല്ലെങ്കിൽ അയാൾ ഏറ്റവും ആദ്യമിട്ട ജെട്ടിക്ക് അഥവാ കോണകത്തിനു എങ്കിലും ബന്ധം വേണം.

നിയമം അനുശാസിക്കുന്നതിനപ്പുറം സദാചാര അന്വേഷണം നടത്താൻ പോലീസിനെ നിയോഗിക്കാൻ ഉത്തരവിട്ടത് ഏതു മഹാനും അത് വെണ്ടക്കാ വാർത്തയാക്കി ആത്മരതിയടഞ്ഞ മാധ്യമ മൊയ്ലാളിയും അവർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന "തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ" എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളായിരിക്കും. ഇനി ദിലീപ് മഞ്ജുവിന് മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്നുതന്നെ വയ്ക്കുക , വിവാഹം കഴിക്കുന്നതിനും, ഡിവോഴ്സ് ആകുന്നതിനും, പുനർവിവാഹത്തിനും, ഇനി വിവാഹം കഴിക്കാതെ പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിച്ചാല്‍, ഇനി അവര്‍ ശാരീരിക ബന്ധം പുലര്‍ത്തി എന്ന് തന്നെ ഇരിക്കട്ടെ, സ്റ്റേറ്റിന് ഇതില്‍ എന്താണ് കാര്യം.

സ്ത്രീയുടെ കന്യാചര്‍മ്മത്തിന് കാവല്‍ നില്‍ക്കാന്‍ ഭരണ ഘടനയുടെ ഏത് വകുപ്പാണ് പോലീസിനെ അധികാരപ്പെടുത്തിയത്? ലൈംഗികതയും, സിനിമ ജീവിതവും, കന്യാചർമ്മവും കുശുമ്പും കുന്നായ്മയും ഉഡായിപ്പും ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം. അതിന് കേരളീയന്റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരും. കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. സദാചാരത്തിന്റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കാട്ടെ.

ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാന്‍ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത്‌ തോല്‍പിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. ഉഭയ കക്ഷി സമ്മത പ്രകാരം വിവാഹം കഴിച്ചാലും , സെക്സിലേർപ്പെട്ടാലും ഉമ്മവെച്ചാലും അതിന്റെ ചരിത്രവും സാമൂഹ്യപാഠവും അന്വേഷിക്കേണ്ട ആവശ്യം പോലീസിനുമില്ല തീർത്തും വ്യക്തിജീവിതത്തിന്റ ഭാഗമായ അവ ഇക്കിളി വാർത്തകളാക്കേണ്ട കാര്യം നാലാംകിട മാധ്യമങ്ങൾക്കുമില്ലാ.

സദാചാരം ഊണിലും ഉറക്കത്തിലും എല്ലാം മലയാളിയെ വേട്ടയാടുകയാണ്.ഇത്രയും സദാചാര വാദികളായ മലയാളികളുടെ നാട്ടില്‍ എന്തുകൊണ്ടാണ് സൌമ്യമാര്യം ശാരി മാരും പെരുകുന്നത്?ഒരു താലി ചരടിന്റെ പരിധിയില്‍ നിന്നുകൊണ്ട് എന്തും ചെയ്യാം. ഭാര്യക്കിഷ്ടമില്ലെങ്കില്‍ അവളെ ബലമായി പ്രാപിക്കാം. അതിനുള്ള അധികാരം മാത്രം സമൂഹം എല്ലാവര്‍ക്കും കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്‌. ഒരാണും പെണ്ണും ഒരുമിചിരിക്കുന്നതിനും സംസാരിക്കുന്നതിനും മാത്രമാണ് ഇവിടെ പ്രശ്നം. മലയാളിയുടെ സദാചാര സങ്കല്‍പത്തിലെ പ്രകടമായ വൈരുധ്യങ്ങളില്‍ ഒന്നാണിത്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ലംഘിച്ചു അയാളെ അവഹേളിക്കുന്നത്..അത് എന്തിനെ പേരിലാണെങ്കിലും തികച്ചും പരിതാപകരമാണ്.ചികിത്സ വേണ്ടത് മലയാളികളുടെ മനസിനാണ്... പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശവും, നമ്മുടെ പഴയ സംസ്കാരത്തിന്റെ ചില സങ്കൽപ്പങ്ങളുടെ നിലനിൽപ്പും തമ്മിലുള്ള യുദ്ധം ..... സത്യത്തിൽ അതാണു ഇവിടെ നടക്കുന്നത്...

കാര്യങ്ങളിങ്ങനെയൊക്കെ ആയി, വർഗ്ഗീയ വിഷം തുപ്പുന്ന കൂട്ടിക്കൊടുപ്പു സംഘടനകളായിരുന്നു ഇതുവരെ കപട സദാചാരത്തിന്റെ വക്താക്കളും പോരാളികളുമുണ് ആയിരുന്നതെങ്കിൽ ഇപ്പോൾ ആ ദൗത്യം സർക്കാർ ചെലവിൽ ശരിക്കും പോലീസിനെ വെച്ച് നടപ്പിലാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. ഇത് എതിർക്കപ്പെടേണ്ടതാണ് മറ്റൊന്നിനുമല്ല നാലാളുടെ മുൻപിൽ തലയുയർത്തി നമ്മുടെ നാടിന്റെ പേര് പറയാൻ പോലും നമുക്കാവില്ല ഈ മോറൽ പോലീസ് രാജെയും സർക്കാർ രാജെയും മാധ്യമ രാജെയും തുടർന്നാൽ...

TAGS :

Next Story