LiveTV

Live

Kerala

ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു; ഉപയോഗം കൂടിയാല്‍ വൈദ്യുതിക്ഷാമം

ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു; ഉപയോഗം കൂടിയാല്‍ വൈദ്യുതിക്ഷാമം
Summary
മഴകുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പില്‍ കാര്യമായ കുറവ്.

മഴകുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പില്‍ കാര്യമായ കുറവ്. ഇടുക്കി അണക്കെട്ടില്‍ മൂന്നരമാസം വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണിപ്പോള്‍ ഉള്ളത്. സംസ്ഥാനം വാങ്ങുന്ന വൈദ്യുതിയില്‍ കുറവുണ്ടായാല്‍ ലോഡ് ഷെഡിംഗിനുള്ള സാധ്യത ഏറെയാണ്. മഴകുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ വര്‍ദ്ധനയാണുണ്ടായത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ലഭിക്കേണ്ട മഴയില്‍ നിന്ന് 30 ശതമാനം കുറവാണ് സംസ്ഥാനത്ത് ഇത്തവണയുണ്ടായത്.

ജലവൈദ്യുതി പദ്ധതികള്‍ ഏറ്റവും കൂടുതലുള്ള ഇടുക്കി ജില്ലയില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 43.67 ശതമാനം മഴയുടെ കുറവുണ്ടായത്. ഇടുക്കി ഡാമില്‍ 2321.06 അടി ജലമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസങ്ങളില്‍ 2344.5 അടി ജലമുണ്ടായിരുന്നു. 23.44 അടി ജലത്തിന്‍റെ കുറവ്. അതായത് ഇടുക്കി അണക്കെട്ടിന്‍റെ സംഭരണശേഷിയില്‍ 23.605 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 41.237 ശതമാനമായിരുന്നു. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലും മഴകുറവായതിനാല്‍ നീരൊഴുക്കിലും കാര്യമായ കുറവാണുണ്ട്. പന്നിയാര്‍, ചെങ്കുളം, മാട്ടുപ്പെട്ടി, പള്ളിവാസല്‍ തുടങ്ങിയ വൈദ്യുതി ഉല്‍പാദന കേന്ദ്രങ്ങളിലും പ്രതിസന്ധിയുണ്ട്.

507.125 ദശലക്ഷംയൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയൂണിറ്റ് അനുസരിച്ച് 120 ദിവസത്തേക്കുള്ള ജലമേ ഡാമിലുള്ളൂ. സംസ്ഥാനം വാങ്ങുന്ന വൈദ്യുതയില്‍ കുറവുണ്ടായാലോ, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചാലോ കേരളം ഇരുട്ടിലേക്ക് നീങ്ങിയേക്കും.