LiveTV

Live

Kerala

എംജിയില്‍ പിരിച്ചുവിട്ട അഞ്ഞൂറോളം അധ്യാപകരെ തിരിച്ചെടുക്കും

എംജിയില്‍ പിരിച്ചുവിട്ട അഞ്ഞൂറോളം അധ്യാപകരെ തിരിച്ചെടുക്കും
Summary
എംജി സര്‍വകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിട്ട അഞ്ഞൂറോളം അധ്യാപകരെ തിരിച്ചെടുക്കാന്‍ തീരുമാനമായി

എംജി സര്‍വ്വകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിട്ട 500 ഓളം അധ്യാപകരെ തിരിച്ചെടുക്കാന്‍ തീരുമാനം. ഉപരോധത്തെ തുടര്‍ന്ന് സിന്‍ഡിക്കേറ്റുമായി അധ്യാപകര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിയ സൊസൈറ്റിക്ക് കീഴിലേക്ക് സ്വാശ്രയ സ്ഥാപനങ്ങളെ മാറ്റിയതിനെ തുടര്‍ന്നാണ് ഈ അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

എംജി സര്‍വ്വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളെ പുതിയ സൊസൈറ്റി രൂപീകരിച്ച് അതിന് കീഴിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 500ഓളം അധ്യാപകരുടെ കാര്യത്തില്‍ പിരിച്ചുവിടുന്ന നിലപാടാണ് സിന്‍ഡിക്കേറ്റും യൂണിവേഴ്സിറ്റിയും കൈക്കൊണ്ടത്. ഇതിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ഈ അധ്യാപകര്‍ സമരം നടത്തി വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗവും ഇവര്‍ ഉപരോധിച്ചതോടെയാണ് പ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്.

സിന്‍ഡിക്കേറ്റുമായി അധ്യാപകര്‍ നടത്തിയ ചര്‍ച്ചയില്‍ എല്ലാ അധ്യാപകരെയും തിരകെയെടുക്കാന്‍ തീരുമാനമായി. സൊസൈറ്റിയായി സ്വാശ്രയ സ്ഥാപനങ്ങളെ ലയിപ്പിച്ച സാഹചര്യത്തില്‍ സൊസൈറ്റിക്ക് കീഴിലേക്കാണ് ഇവരേയും മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ ശമ്പളം അതത് സ്വാശ്രയ സ്ഥാപനങ്ങള്‍ തന്നെ നല്‍കണം. അടുത്ത മാസം മുതലുള്ള ശമ്പളം സൊസൈറ്റി നല്‍കുമെന്നാണ് ധാരണ.