LiveTV

Live

Kerala

വ്യാജ രസീത് വിവാദം; അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി

  വ്യാജ രസീത് വിവാദം; അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി
Summary
ചെരണ്ടത്തൂര്‍ എംഎച്ച്ഇസിലെ അധ്യാപകനായ ശശികുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്

ബിജെപി ദേശീയ കൌണ്‍സിലിന്റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച് പിരിവ് നടത്തിയ സംഭവത്തെ ചൊല്ലിയുള്ള വിവാദത്തില്‍ അധ്യാപകനെ ബിജെപി നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. ചെരണ്ടത്തൂര്‍ എംഎച്ച്ഇസിലെ അധ്യാപകനായ ശശികുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പിപി മുരളിയടക്കം 15 പേര്‍ക്ക് എതിരെ പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ചെരണ്ടത്തൂര്‍ എംഎച്ച് ഇഎസ് കോളേജ് ബിജെപി ദേശീയ കൌണ്‍സിലിന് നല്‍കിയ സംഭവാനയുടെ രസീത് പുറത്ത് വന്നിരുന്നു. ഇത് വ്യാജ രസീതാണെന്ന് കാണിച്ച് ബിജെപി ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതിയും ലഭിച്ചിരുന്നു. കോളേജില്‍ നിന്ന് രസീത് ചോര്‍ത്തിയെന്ന് ആരോപിച്ച് ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.പി മുരളിയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ശശികുമാറിന്റെ പരാതി.

കോളേജിലെത്തിയായിരുന്നു പതിനഞ്ച് അംഗ സംഘം മര്‍ദ്ദിച്ചതെന്നും ശശികുമാറിന്റെ പരാതിയില്‍ പറയുന്നു . പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിപി മുരളി, ജനറല്‍ സെക്രട്ടറി മനോജ്, വില്യാപ്പള്ളിയിലെ പ്രാദേശിക നേതാവ് റിജേഷ് പൊന്നക്കുടി, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സുനില്‍, രജീഷ് മാറക്കായി എന്നിവര്‍ക്ക് എതിരെയാണ് കേസ്. കണ്ടാലറിയാവുന്ന പത്ത് പേര്‍ കൂടി സംഘത്തിലുണ്ടായിരുന്നതായും എഫ്ഐആറില്‍ ഉണ്ട്. പരാതിക്കാരനായ അധ്യാപകന്‍ ശശികുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.