LiveTV

Live

Kerala

പുതിയ 30 ഹോമിയോ ഡിസ്പന്‍സറികള്‍ തുടങ്ങാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

പുതിയ 30 ഹോമിയോ ഡിസ്പന്‍സറികള്‍ തുടങ്ങാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി
Summary
കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലായി 30 ഡിസ്പന്‍സറികള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം

ധനവകുപ്പിന്റെ ഉടക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് പുതിയ 30 ഹോമിയോ ഡിസ്പന്‍സറികള്‍ തുടങ്ങാനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. തസ്തിക സൃഷ്ടിക്കാന്‍ ധനവകുപ്പ് അംഗീകാരം നല്കിയില്ല. ഇതിനെ തുടര്‍ന്നാണ് ആയുഷ് മന്ത്രാലയത്തിന് കീഴില്‍ ഹോമിയോ ഡിസ്പന്‍സറികള്‍ തുടങ്ങാനുള്ള ഉത്തരവ് റദ്ദാക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലായി 30 ഡിസ്പന്‍സറികള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. തസ്തിക സൃഷ്ടിക്കുന്നതിനായുള്ള അപേക്ഷ ഹോമിയോപ്പതി വകുപ്പ് ഡയറക്ടറോട് നല്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഓരു ഡിസ്പന്‍സറിയിലേക്ക് ഒരു മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍റര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, എന്നിങ്ങനെയുള്ള തസ്തികകള്‍ വേണമെന്ന് കാണിച്ച് ഡയറക്ടര്‍ ശിപാര്‍ശ നല്കുകയും ചെയ്തു.

അത് പ്രകാരം 2017- 18 ബജറ്റില്‍ 100 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ജൂലായ് 27 ന് ഇറക്കിയ പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികള്‍ തുടങ്ങാനുള്ള തീരുമാനം റദ്ദ് ചെയ്തു. ഡിസ്പന്‍സറികള്‍ക്കാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനവകുപ്പിന്‍റെ പരിശോധനക്ക് കൂടി വിധേയമാക്കണം എന്ന കാരണം ചൂണ്ടികാട്ടിയാണ് പഴയ ഉത്തരവ് റദ്ദ് ചെയ്തത്. ഇതിനെതിരെ ഹോമിയോ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അലോപതി മേഖലയിലും ആയുര്‍വേദ മേഖലകളിലുമായി 300ലധികം തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ 4 വര്‍ഷത്തിനിടെ ഹോമിയോപതിയില്‍ മാത്രം ഒരു പോസ്റ്റ് പോലും സൃഷ്ടിച്ചിട്ടില്ല. ഹോമിയോപതിയോട് കാണിക്കുന്ന അവഗണനയാണ് ഇതെന്നാണ് പരാതി‌.