LiveTV

Live

Kerala

ഐപി ബിനുവിനെ അറസ്റ്റ് ചെയ്തു; പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി

ഐപി ബിനുവിനെ അറസ്റ്റ് ചെയ്തു; പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി
Summary
. ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണ്.  പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ലെന്നും കോടിയേരി

ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിഎംജിയിലെ സ്റ്റുഡന്‍സ് സെന്ററില്‍ നിന്ന് മ്യൂസിയം പൊലീസും, ഷാഡോ സംഘവും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് ദിവസത്തെ നിരോധനജ്ഞ ഏര്‍പ്പെടുത്തി.

ഐപി ബിനുവിനെ അറസ്റ്റ് ചെയ്തു; പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി

ബിജെപി ഓഫീസ് ആക്രമിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണ, എസ്എഫ്ഐ നേതാക്കളായ സുകേശ്, ജെറിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് എല്ലാവര്‍ക്കുമെതിരെ ചുമത്തി. ഓഫീസ് ആക്രമണ സമയത്ത് വേണ്ട രീതിയില്‍ ഇടപെടാതിരുന്ന കെഎപി ബറ്റാലിയനിലെ അഖിലേഷ്, ശ്യാം വിഷ്ണു എന്നീ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു.

സിപിഎം നേതാക്കളുടെ വീട് ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ നിഷാന്ത്, വിഷ്ണു, വിവേക് കുമാര്‍, മുകേഷ്, നിതീഷ് മോഹന്‍, വിവേക് എന്നിവരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലത്തേതിന് തുടര്‍ച്ചയായി ഇന്ന് രാത്രി ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പൊലീസ് ആക്ട് പ്രകാരം തിരുവനന്തപുരം നഗരത്തില്‍ മൂന്ന് ദിവസത്തെ നിരോധനാജ്ഞ സിറ്റി പൊലീസ് കമ്മീഷണര്‍ പുറപ്പെടുവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രജിത്തിനെയും ബിനുവിനെയും സസ്‍പെന്‍ഡ് ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കാനാണ് ആര്‍ എസ് എസ് ആസൂത്രണം ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നു. സംസ്ഥാന സെക്രട്ടറി താമസിക്കുന്ന വീടാണെന്ന് അറിഞ്ഞാണ് ആക്രമണം നടത്തിയത്. ഉന്നത നേതാക്കള്‍ ആസൂത്രണം ചെയ്ത ആക്രമണം. ബിജെപി ഓഫീസ് ആക്രമിച്ചത് അപലപനീയമാണ്. പ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കാന്‍ പാടില്ല. സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചപ്പോള്‍ ബിജെപി എതിര്‍ത്തില്ല. കേരളത്തില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.