LiveTV

Live

Kerala

ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്നും അനധികൃത പണപ്പിരിവ്

ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്നും അനധികൃത പണപ്പിരിവ്
Summary
പത്തനംതിട്ട ഏറാത്ത് പഞ്ചായത്തിലെ പെന്‍ഷന്‍കാര്‍ കൂടിയാലോചന യോഗത്തിനെത്തണമെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് കത്ത് പ്രചരിപ്പിച്ചാണ് പണപ്പിരിവ്

ക്ഷേമ പെന്‍ഷനുകളുടെ ഗുണഭോക്താക്കളില്‍ നിന്ന് ഇടത് ട്രേഡ് യൂണിയനായ കെ.എസ്.കെ.ടി.യുവിന്റെ മറവില്‍ പണപ്പിരിവ് നടക്കുന്നതായി പരാതി. പത്തനംതിട്ട ഏറാത്ത് പഞ്ചായത്തിലെ പെന്‍ഷന്‍കാര്‍ കൂടിയാലോചന യോഗത്തിനെത്തണമെന്ന് കാട്ടി പഞ്ചായത്ത് സെക്രട്ടറിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് കത്ത് പ്രചരിപ്പിച്ചാണ് പണപ്പിരിവ്. 20 രൂപ വീതം രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ പിരിച്ചെടുത്താണ് തട്ടിപ്പ്.

ഏറാത്ത് പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍കാര്‍ നാളെ രാവിലെ 10 ന് നടക്കുന്ന കൂടിയാലോചനയോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടേതെന്ന് തെറ്റിദ്ധരിക്കുന്ന തരത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ച കത്താണിത്. സ്വകാര്യ ലാബിന്റെ പരസ്യം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കത്ത് ആരുടെ പേരിലുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം കെ.എസ്.കെ.ടി.യു ജില്ലാസെക്രട്ടറിയാണ് കത്ത് പുറത്തിറക്കിയിരിക്കുന്നതെന്ന് സി.പി.എം പ്രതിനിധികൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

ഏറാത്ത് മാത്രം 4000ത്തോളം പെന്‍ഷന്‍കാര്‍ ഉണ്ട്. കെ.എസ്.കെ.ടി.യു ജില്ലാഭാരവാഹികളുടെ നേതൃത്വത്തില്‍‌ കടമ്പനാട് പഞ്ചായത്തില്‍ ഇത്തരത്തിലൊരു യോഗം ഇതിനോടകം നടന്നുകഴിഞ്ഞു. ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിച്ച് നല്‍കുമെന്ന് പ്രഖ്യാപനം ഉള്ളപ്പോള്‍ ഇത്തരത്തിലുള്ള യോഗം വിളിച്ചുചേര്‍ക്കുന്നതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യമാണെന്ന് കാട്ടി പഞ്ചായത്ത് പ്രതിപക്ഷം പൊലീസില്‍ പരാതി നല്‍കി.

പെന്‍ഷന്‍ വിതരണത്തിലെ സാങ്കേതികത്വം ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ് ആലോചന യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും കത്ത് തയ്യാറാക്കിയതിലെ പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി മത്തായിചാക്കോ വ്യക്തമാക്കി.