LiveTV

Live

Kerala

മീഡിയവണ്‍- ഇറാം മോട്ടോഴ്സ് ശുഭയാത്രാ കാമ്പയിന്‍ സമാപിച്ചു

മീഡിയവണ്‍- ഇറാം മോട്ടോഴ്സ് ശുഭയാത്രാ കാമ്പയിന്‍ സമാപിച്ചു
Summary
മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിന്റെ പിന്നാലെ പായുന്ന കാലത്ത് വേറിട്ട മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തമോദഹരണമാണ് മീഡിയവണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കാലികപ്രസക്തമായ സാമൂഹ്യദൌത്യമാണ് മീഡിയവണ്‍ നിര്‍വഹിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി..

മീഡിയവണ്‍- ഇറാം മോട്ടോഴ്സ് ശുഭയാത്രാ കാമ്പയിന്‍ സമാപിച്ചു. മലപ്പുറത്ത് കേരളനിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പികെ കുഞ്ഞാലിക്കുട്ടി എംപി റോഡ് സുരക്ഷാ പുരസ്കാരം നല്‍കി. സമാപന സമ്മേളനത്തില്‍ ജനപ്രതിനിധികളടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിന്റെ പിന്നാലെ പായുന്ന കാലത്ത് വേറിട്ട മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തമോദഹരണമാണ് മീഡിയവണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വികസോന്മുഖ മാധ്യമ പ്രവര്‍ത്തനത്തിന്റെ നല്ല മാതൃകയാണ് മീഡിയവണിന്റെ ശുഭയാത്രാ കാന്പയിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡ് സുരക്ഷാ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘടനക്ക് മീഡിയവണ്‍ നല്‍കുന്ന ജീവന്‍രക്ഷാ പുരസ്കാരം മലപ്പുറം ജില്ലാ ട്രോമ കെയറിന് പികെ കുഞ്ഞാലിക്കുട്ടി എംപി സമ്മാനിച്ചു. മീഡിയവണിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയുള്ളതാണെന്നും കാലികപ്രസക്തമായ സാമൂഹ്യദൌത്യമാണ് മീഡിയവണ്‍ നിര്‍വഹിച്ചതെന്നും പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

സമ്മേളനത്തിന് മുന്നോടിയായി മലപ്പുറം നഗരത്തില്‍ ബൈക്ക് റാലി നടന്നു. മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി റാലി ഫ്ലാഗ്ഓഫ് ചെയ്തു. മാധ്യമം മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, മീഡിയവണ്‍ സി ഇ ഒ എം അബ്ദുല്‍ മജീദ്, മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ പി മുജീബുറഹ്മാന്‍, ഇറാം ഗ്രൂപ് മാര്‍ക്കറ്റിങ് ഹെഡ് സുനില്‍ പ്രഭു തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

റോഡ് സുരക്ഷാ നാടകവും പതിനാലാം രാവ് കലാകാരന്‍മാരൊരുക്കിയ സംഗീതവിരുന്നും ചടങ്ങിന് മാറ്റ് കൂട്ടി. റോഡുകളില്‍ ജീവന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാം മോട്ടോഴ്സുമായി ചേര്‍ന്ന് മീഡിയവണ്‍ മൂന്ന് മാസം നീണ്ട ബോധവല്‍കരണ കാമ്പയിന്‍ നടത്തിയത്.