LiveTV

Live

Kerala

മുസ്‍ലിംകളില്‍ നല്ലവരുണ്ട്; ആര്‍.എസ്.എസ് അപകടകാരികളല്ല, വിവാദ പ്രസ്‍താവനകളുമായി സെന്‍കുമാര്‍

മുസ്‍ലിംകളില്‍ നല്ലവരുണ്ട്; ആര്‍.എസ്.എസ് അപകടകാരികളല്ല,  വിവാദ പ്രസ്‍താവനകളുമായി സെന്‍കുമാര്‍
Summary
ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്.

ആര്‍.എസ്.എസ്സ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് കൂടുതല്‍ ആപത്‍കരമെന്നും സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഐ.എസ് ഭീകരരെയും ആര്‍.എസ്.എസ്സിനെയും ഒരേപോലെ കാണാന്‍ കഴിയില്ലെന്നും മുസ്ലിംകള്‍ ലൗ ജിഹാദ് പോലുള്ളവയില്‍ ഏര്‍പ്പെടാതിരിക്കണമെന്നും ‘സമകാലിക മലയാള’ത്തിന് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞു.

'മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം'-സെന്‍കുമാറിന്റെ അഭിമുഖത്തില്‍ പറയുന്നു.

മുസ്‍ലിംകളില്‍ നല്ലവരുണ്ട്; ആര്‍.എസ്.എസ് അപകടകാരികളല്ല,  വിവാദ പ്രസ്‍താവനകളുമായി സെന്‍കുമാര്‍

മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍'-പി.എസ് റംഷാദ് നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

മുസ്‍ലിംകളില്‍ നല്ലവരുണ്ട്; ആര്‍.എസ്.എസ് അപകടകാരികളല്ല,  വിവാദ പ്രസ്‍താവനകളുമായി സെന്‍കുമാര്‍

പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളല്ല, അതേപ്പറ്റി മുസ്ലിംകള്‍ പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്‍കുമാര്‍ പറയുന്നു. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് താന്‍ ഈയിടെ കണ്ടുവെന്നും അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറയുന്നു. കോടതി തന്നെ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണവും പോലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ ഉന്നയിക്കുന്നുണ്ട്. ‘ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു.’ സെന്‍കുമാര്‍ ചോദിക്കുന്നു.

'എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും'