LiveTV

Live

Kerala

ഹാദിയ വീട്ടുതടവില്‍; കത്തുകള്‍ പോലും നിഷേധിക്കുന്നു

ഹാദിയ വീട്ടുതടവില്‍; കത്തുകള്‍ പോലും നിഷേധിക്കുന്നു
Summary
ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ അയച്ച കത്ത് രക്ഷകര്‍ത്താക്കള്‍ അനുമതി നിഷേധിച്ചതിനാല്‍ തിരിച്ചു വന്നു.

ഹൈക്കോടതി ഇടപെട്ട് ദാമ്പത്യം വേര്‍പെടുത്തിയ ഹാദിയക്ക് ഭര്‍ത്താവ് അയച്ച കത്ത് രക്ഷിതാക്കള്‍ തിരിച്ചയച്ചു. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ രജിസ്റ്റേര്‍ഡ് തപാലില്‍ അയച്ച കത്താണ് നിരാകരിച്ചത്. കത്ത് തിരിച്ച് വന്നതോടെ ഹാദിയ വീട്ടുതടങ്കലിലാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഷഫിന്‍ പറഞ്ഞു. മേല്‍വിലാസക്കാരിക്ക് കത്ത് കൈമാറാതിരുന്നത് കടുത്ത പൌരാവകാശ ലംഘനമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹാദിയയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ കഴിഞ്ഞ മാസം 24നാണ് പെരുന്നാള്‍ ആശംസ നേര്‍ന്ന് ഹാദിയയ്ക്ക് രജിസ്റ്റേര്‍ഡ് തപാലില്‍ കത്തയച്ചത്. ഇത് 27ആം തിയതി ഷെഫിന്‍ ജഹാന് തപാലില്‍ തിരിച്ചുകിട്ടി. കത്ത് മാതാപിതാക്കള്‍ നിരാകരിച്ചു എന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ഷെഫിന്‍ തപാല്‍വകുപ്പിന് പരാതി നല്‍കി.

തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്ന അപേക്ഷയുമായി ഹാദിയയുടെ പിതാവിന് ഷെഫിന്‍ മറ്റൊരു കത്തും അയച്ചിട്ടുണ്ട്. ഹാദിയക്ക് കത്ത് നിഷേധിച്ചത് പൌര്യ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

തിരിച്ചുവന്ന കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഷെഫിന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് ഒരു ദിവസത്തേക്ക് മരവിപ്പിച്ചു. അക്കൌണ്ടിനെതിരെ സംഘടിതമായി കൂട്ടപ്പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ നാളെ സുപ്രീംകോടതിയില്‍ ഷെഫിൻ ജഹാൻ അപ്പീല്‍ നല്‍കും. ചടങ്ങില്‍ മാതാപിതാക്കളുടെ പങ്കാളിത്തമുണ്ടായില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ മെയില്‍ ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്.