LiveTV

Live

Kerala

റിയാസ് മൌലവി വധം: ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

റിയാസ് മൌലവി വധം: ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
Summary
കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൌലവിയെ വധിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ

കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൌലവിയെ വധിച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മാര്‍ച്ച് 20ന് രാത്രി പതിനൊന്നേമുക്കാലോടെയാണ് ചൂരിയിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൌലവിയെ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ മൂന്ന് പ്രതികളാണുള്ളത്. കാസര്‍കോട് കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍, അഖിലേഷ്. മാര്‍ച്ച് 23ന് രാത്രി പ്രതികളെ പൊലീസ് പിടികൂടി. കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലാണ് ഇപ്പോള്‍ പ്രതികള്‍ റിമാന്‍ഡിലുള്ളത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങാനാവില്ല.

മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന 153 എ വകുപ്പ് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ പൊലീസ് പ്രതികള്‍ക്ക് ചമുത്തിയിട്ടുണ്ട്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി എം അശോകനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ സ്പേഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. കാസര്‍കോട് സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഡോ ശ്രീനിവാസ് ഐപിഎസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.