LiveTV

Live

Kerala

കാതോലിക്കാ ബാവയുടെ ജീവചരിത്രം വിവാദമാകുന്നു

കാതോലിക്കാ ബാവയുടെ ജീവചരിത്രം വിവാദമാകുന്നു
Summary
ശ്രേഷ്ഠം ഈ ജീവിതം എന്ന പേരില്‍ പി.ടി ജോണി എഴുതിയ ജീവചരിത്രത്തിനെതിരെ സഭക്കകത്തു നിന്ന് തന്നെ വിമര്‍ശങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം വിവാദമാകുന്നു. ശ്രേഷ്ഠം ഈ ജീവിതം എന്ന പേരില്‍ പി.ടി ജോണി എഴുതിയ ജീവചരിത്രത്തിനെതിരെ സഭക്കകത്തു നിന്ന് തന്നെ വിമര്‍ശങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ക്രൈസ്തവ സഭയുടെശരിയായ ചരിത്രമല്ല ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നാരോപിച്ച് സഭാ വിശ്വാസികള്‍ തന്നെ രംഗത്തെത്തി.

പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സഭയുടെ ചരിത്രം വ്യാജമാണെന്നതാണ് പ്രധാന ആരോപണം. എഡി 57 ല്‍ അബ്രഹാം എന്ന ബാവയുടെ പൂര്‍വികന്‍ ജീവിച്ചിരുന്നുവെന്നും പിറവം പള്ളിയുണ്ടായിരുന്നെന്നും അവിടെ വെച്ച് തോമാശ്ലീഹാ പട്ടം കൊടുത്തുവെന്നും പുസ്തകത്തില്‍ പറയുന്നു. ചെറുവിള്ളില്‍ കുടുംബത്തെയാണ് ആദ്യം ജ്ഞാനസ്നാനം നടത്തിയതെന്നും ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാതോലിക്കാ ബാവയുടെ കുടുംബമാണ് ചെറുവിള്ളില്‍ കുടുംബം. ഇതിനെതിരെയാണ് പ്രധാന വിമര്‍ശം.

എഡി 57 മുതല്‍ എഡി 1885 വരെ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പൂര്‍വികരായി 41 വൈദികരുടെ പേര് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പള്ളികളിലൊന്നും ഇതു സംബന്ധിച്ച് രേഖയില്ലെന്നും ചെറുവിള്ളില്‍ കുടുംബത്തെ സഭയുടെ പൂര്‍വികരായി രേഖപ്പെടുത്തിയിരിക്കുന്നത് വ്യാജമാണെന്നുമാണ് ആരോപണം. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.ടി ചെറിയാന്‍, വി ജെ പൌലോസ് എന്നിവര്‍ വക്കീല്‍ നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം വിപണിയില്‍ നിന്നും പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം.