LiveTV

Live

Kerala

എന്‍എച്ച്എം മേധാവിക്ക് ആശുപത്രിയില്‍ വിലക്ക്

Summary
ആശുപത്രിയില്‍ കയറിപ്പോകരുതെന്നാണ് പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. രചന ചിദംബരത്തിന് ജില്ലാ ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ താക്കീത് നല്‍കിയത്.

ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും വ്യാപകമാകുന്നതിനിടെ പാലക്കാട്ട് ദേശീയ ആരോഗ്യ ദൌത്യം ജില്ലാ പ്രോജ്കട് ഓഫീസര്‍ക്ക് ജില്ലാ ആശുപത്രിയില്‍ വിലക്ക്. ആശുപത്രിയില്‍ കയറിപ്പോകരുതെന്നാണ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. രചന ചിദംബരത്തിന് ജില്ലാ ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ താക്കീത് നല്‍കിയത്. പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ശക്തമായി ഇടപെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തകുമാരി മീഡിയവണ്ണിനോട് പറഞ്ഞു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍‌ രോഗികളോട് മോശമായി പെരുമാറുന്നുവെന്ന പരാതിയെ തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രൊജക്ട് ഓഫീസര്‍ ഡോ. രചന ചിദംബരം ഇടപെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. രോഗിയെ കാണാനില്ലെന്ന് കാണിച്ച് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ ഡോ. രചനയുടെ ഇടപെടലിനെ തുടര‍്ന്ന് തിരികെ അഡ്മിറ്റ് ചെയ്തിരുന്നു. ഇത് ഡോക്ടര്‍മാര്‍ പരാതിയായി ഉന്നയിക്കുകയും ഇതിന്‍മേല്‍ ഡിഎംഓയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡിഎംഓ ഡോ. രചനയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രശ്നത്തോടെ . ‍ഡോ. രചനയോട് ജില്ലാ ആശുപത്രിയുടെ വാര്‍ഡുകളിലൊന്നും പ്രവേശിക്കരുതെന്ന് ചില ഡോക്ടര്‍മാര്‍ താക്കീത് നല്‍കിയത്. ജില്ലാ ആശുപത്രി വളപ്പില്‍ തന്നെയാണ് ഇവരുടെ ഓഫീസ്. ജില്ലാ ആശുപത്രിയില്‍ മാത്രം ദേശീയ ആരോഗ്യ ദൌത്യത്തില്‍ പെട്ട നൂറ്റമ്പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുമുണ്ട്.

പാലക്കാട് ഡിഎംഓ ഡോ. റീത്ത കഴിഞ്ഞ ഒരു മാസമായി അവധിയിലാണ്. ജൂണ്‍ ആദ്യവാരമാണ് അവര്‍ അവധി കഴിഞ്ഞ് തിരികെയുത്തുക. പകര്‍ച്ചപ്പനി പ്രതിരോധമുള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട സമയത്താണ് നാഷണല്‍ ഹെല്‍ത്ത് മിഷനും ആരോഗ്യവകുപ്പും തമ്മിലെ ഈ ശീതസമരം.