LiveTV

Live

Kerala

ദേശീയ പാതയുടെ പരിധിയില്‍ വരില്ല: അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നുതുടങ്ങി

Summary
കുറ്റിപ്പുറം-കണ്ണൂര്‍, ചേര്‍ത്തല -തിരുവനന്തപുരം പാതകളിലേതാണ് തുറക്കുക

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദേശീയ പാത പദവിയില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങളിലെ മദ്യശാലകള്‍ തുറന്ന് കൊടുക്കാന്‍ തുടങ്ങി. കുറ്റിപ്പുറം-കണ്ണൂര്‍, ചേര്‍ത്തല-തിരുവനന്തപുരം പാതകളിലെ അടച്ചു പൂട്ടിയ ബിയര്‍ വൈന്‍ പാര്‍ലറുകളാണ് തുറക്കുക. കോഴിക്കോട് മാത്രം നാല് മദ്യശാലകള്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ തുറന്നു കൊടുത്തു

ഈ മാസം 16 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളിലെ അടച്ചു പൂട്ടിയ ബിയര്‍ വൈന്‍ പാലറുടെ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. ദേശീയ പാത അതോറിറ്റി 2014 ആഗസ്റ്റില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇവ ദേശീയ പാതയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു ബിയര്‍ പാര്‍ലര്‍ ഉടമകളുടെ വാദം. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ബിയര്‍ പാര്‍ലറുകള്‍ തുറന്ന് കൊടുക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ വടകര ശ്രീമണി, കൊയിലാണ്ടി പ്രിന്‍സ്, പാര്‍ക്ക് റീജയണ്‍, തീര്‍ത്ഥ പയ്യോളി തുടങ്ങിയ മദ്യശാലകളാണ് ഇന്ന് തുറന്നു കൊടുത്തത്. മാഹിയിലെ മദ്യശാലകളും ഉത്തരവിന്റെ പരിധിയില്‍ വരും. അതാത് ഡപ്യൂട്ടി കമ്മീഷണര്‍മാക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.