LiveTV

Live

Kerala

കയ്യേറ്റമൊഴിപ്പിക്കല്‍: സി പി ഐ നിലപാടിന് പിന്തുണയേറുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു

കയ്യേറ്റമൊഴിപ്പിക്കല്‍: സി പി ഐ നിലപാടിന് പിന്തുണയേറുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു
Summary
മൂന്നാര്‍ ഒഴിപ്പിക്കലില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും പ്രതിപക്ഷം തള്ളി

കയ്യേറ്റമൊഴിപ്പിക്കലില്‍ സി പി ഐ നിലപാടിന് പ്രതിപക്ഷ പിന്തുണയേറുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. സി പി ഐ യെ പിന്തുണച്ച് കോൺഗ്രസും, ആർ എസ് പിയും രംഗത്ത് വന്നിട്ടുണ്ട്. മൂന്നാര്‍ ഒഴിപ്പിക്കലില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും പ്രതിപക്ഷം തള്ളി. എന്നാൽ പട്ടയമേള നടത്തുന്നത് വരെ കൈയ്യേറ്റം ഒഴിപ്പിക്കലിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

മറ്റന്നാൾ നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ മൂന്നാർ വിഷയത്തിൽ പിടിച്ച് സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതിനിടയിലാണ് കൈയേറ്റമൊഴിപ്പിക്കൽ താത്കാലിക നിർത്തിവെക്കാനുള്ള തീരുമാനത്തിലെ അതൃപ്തി സി പി ഐ പരസ്യമാക്കുന്നത്. ഇത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്. സർവ്വകക്ഷി യോഗം വിളിച്ചല്ല കൈയ്യേറ്റം ഒഴിപ്പിക്കേണ്ടതെന്ന് പറഞ്ഞ കാനം അതൃപ്തി പരസ്യമാക്കിയെങ്കിലും അടുത്ത മാസം അവസാനത്തോടെ നടക്കുന്ന പട്ടയമേളക്ക് ശേഷം കൈയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോയാൽ മതിയെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രി.

തർക്കം രൂക്ഷമാകുന്നതിനിടയിലാണ് സി പി ഐ ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നത്. മൂന്നാർ വിഷയത്തിൽ സി പി ഐ ഒറ്റപ്പെടില്ലെന്ന് ആർ എസ് പി നേതാവും, എംപിയുമായ എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. സി പി ഐ യെ കുരിശിലേറ്റാൻ വേണ്ടിയാണ് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചതെന്നായിരിന്നു കെ പി സി സി അധ്യക്ഷൻ എംഎം ഹസന്റെ പ്രതികരണം. വിവാദങ്ങൾ വേഗത്തിൽ അവസാനിപ്പിച്ചില്ലെങ്കിൽ പ്രശ്നം രൂക്ഷമാകുമെന്ന വിലയിരുത്തൽ ഇടതു മുന്നണിയിലെ ഘടകകക്ഷികൾക്കുമുണ്ട്.