LiveTV

Live

Kerala

കോഴിക്കോട് ട്രെയിന്‍ തട്ടി നാല് മരണം

കോഴിക്കോട് ട്രെയിന്‍ തട്ടി നാല് മരണം
Summary
കോഴിക്കോട് പുതിയങ്ങാടിയില്‍ യുവതിയേയും മൂന്നു പെണ്‍കുട്ടികളേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട് പുതിയങ്ങാടിയില്‍ അമ്മയേയും മൂന്നു പെണ്‍കുട്ടികളേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി മമ്പുറം സ്വദേശി ഭാവനയേയും മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ആറു മണിയോടെയാണ് പുതിയങ്ങാടി പള്ളിക്കണ്ടി റെയില്‍വേ ട്രാക്കില്‍ അമ്മയേയും മൂന്നു പെണ്‍കുട്ടികളേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാക്കിനോട് ചേര്‍ന്നായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. സമീപവാസികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ ഇവരെ തിരിച്ചറിഞ്ഞു. മമ്പുറം സ്വദേശി രാജേഷിന്റെ ഭാര്യ ഭാവന, മക്കളായ എട്ട് വയസുള്ള വിസ്മയ, പത്ത് വയസുള്ള നന്ദിനി, ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്. ഇവരെ കാണാതായതായി രാജേഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.