LiveTV

Live

Kerala

പുതിയ ദൌത്യവുമായി കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്...

Summary
മന്ത്രി പദം മുതല്‍ പ്രതിപക്ഷ ഉപനേതാവ് പദവി വരെ സംസ്ഥാനത്ത് വഹിച്ച ശേഷമാണ് പി കെ കുഞ്ഞാലികുട്ടിയുടെ ദേശീയ രാഷ്ട്രീയ പ്രവേശം.....

വിജയം സുനിശ്ചിതമായ മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ കരുത്തുകാട്ടിയാണ് പച്ചകോട്ടയുടെ നായകന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടുമാറുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ യുഡിഎഫ് ആടിയുലയുന്പോള്‍ സമാവായത്തിന്റെ വക്താവായി രംഗ പ്രവേശനം ചെയ്യാറുള്ള പികെ കുഞ്ഞാലികുട്ടിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ദൌത്യങ്ങളും. മന്ത്രി പദം മുതല്‍ പ്രതിപക്ഷ ഉപനേതാവ് പദവി വരെ സംസ്ഥാനത്ത് വഹിച്ച ശേഷമാണ് പി കെ കുഞ്ഞാലികുട്ടിയുടെ ദേശീയ രാഷ്ട്രീയ പ്രവേശം.

തിരിച്ചടികളെ മുന്നോട്ടുള്ള കുതിപ്പിനുള്ള ചവിട്ട് പടിയാക്കിയതാണ് പി കെ കുഞ്ഞാലികുട്ടിയെന്ന മലപ്പുറത്തുകാരുടെ കുഞ്ഞാപ്പയുടെ ചരിത്രം. രാഷ്ട്രീയ ജീവതത്തിലെ വെല്ലുവിളികളെ ഒരു പോരാളിയെ പോലെ നില കൊണ്ട് മറികടന്നു. താഴെ തട്ട് മുതല്‍ പ്രവര്‍ത്തിച്ച് മുസ് ലീം ലീഗ് രാഷ്ട്രീയത്തില്‍ കരുത്തനായി വളര്‍ന്നു വന്ന നേതാവ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തുടക്കം. 27 ആം വയസ്സില്‍ മലപ്പുറം നഗരസഭയുടെ ചെയര്‍മാനായി. പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തന്‍. 1982ല്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് ആറ് തവണ കൂടി നിയമസഭയില്‍ അംഗമായി. കെ കരുണാകരന്‍, എ കെ ആന്‍ണി, ഉമ്മന്‍ചാണ്ടി മന്ത്രി സഭകളില്‍ അംഗവുമായി. സംസ്ഥാന വ്യവസായ മന്ത്രിയായിരിക്കെ ആഗോള നിക്ഷേപ സംഗമം നടത്തി ശ്രദ്ധേയനായി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ആരോപണ വിധേയനായതിന് തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ നിന്ന് രാജിവെക്കേണ്ടിയും വന്നു. പിന്നീട് നടന്ന തിരിഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കെ ടി ജലീലിനോട് അടിതെറ്റി.

സംസ്ഥാനത്തെ രാഷ്ട്രീയത്തിലെ കരുത്തനായി തുടരുന്നതിന് ഇടയില്‍ മുസ് ലീം ലീഗിന്റെ ദേശീയ ട്രഷററായും പ്രവര്‍ത്തിച്ചു. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് ദേശീയ കമ്മറ്റി പുനസംഘടിച്ചപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി. ദേശീയ രാഷ്ട്രീയത്തില്‍ മതേതര കക്ഷികള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ലീഗ് രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. ന്യൂനപക്ഷങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്ന രാഷ്ട്രീയ കാലവസ്ഥയില്‍ പാര്‍ലമെന്റില്‍ അവരുടെ ശബ്ദമാവുകയാണ് കുഞ്ഞാലികുട്ടിയുടെ ലക്ഷ്യം.