LiveTV

Live

Kerala

സര്‍ക്കാര്‍ ആശുപത്രികളിലിപ്പോഴും പഴഞ്ചന്‍ പോസ്റ്റ്മോര്‍ട്ടം രീതി

സര്‍ക്കാര്‍ ആശുപത്രികളിലിപ്പോഴും പഴഞ്ചന്‍ പോസ്റ്റ്മോര്‍ട്ടം രീതി
Summary
പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള മെഡിക്കോ ലീഗല്‍ പരിശോധനകള്‍ക്ക് കൃത്യമായ രൂപം നിര്‍ദേശിക്കുന്ന കോഡ് പിന്തുടരുന്നില്ല.

സംസ്ഥാനത്ത് ഒരു മെഡിക്കോ ലീഗല്‍ കോഡ് നിലവില്‍ വന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ആശുപത്രികളിലെ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ പഴയ രീതിയില്‍ തന്നെ തുടരുന്നു. കുറ്റാന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പലതും ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് തയ്യാറാക്കുന്നത്. പ്രത്യക്ഷത്തില്‍ ആത്മഹത്യയെന്ന് തോന്നുന്ന മരണങ്ങളിലും അസ്വാഭാവിക മരണങ്ങളിലുമാണ് ഈ അനാസ്ഥ ഏറെയും.


ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത സമാന സ്വഭാവമുള്ള രണ്ട് ദുരൂഹമരണങ്ങളില്‍ ആദ്യത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് പൊലീസ് സര്‍ജനാണ്. കൃത്യമായ ചട്ടങ്ങള്‍ പാലിച്ച് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മരിച്ച യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് പൊലീസ് കണ്ടെത്തി. ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. തുടരന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി.

സമാന സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ഇതേ യുവതിയുടെ സഹപ്രവര്‍ത്തകയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഒരു താലൂക്കാശുപത്രിയിലെ സര്‍ജന്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ ഒറിജിനല്‍ കോപ്പി പോലും വായിക്കാന്‍ സാധിക്കാത്തത് കൊണ്ട് അന്വേഷണ സംഘം ഡോക്ടറെ നേരില്‍കണ്ട് വിശദാംശങ്ങള്‍ തിരക്കുകയായിരുന്നു.

ഈ കേസില്‍ ഒരു തുമ്പും കിട്ടാതെ ക്രൈംബ്രാഞ്ചും ഇരുട്ടില്‍ തപ്പുകയാണ്. സാധാരണ ആത്മഹത്യയെന്ന മുന്‍വിധിയോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണിതെന്ന് വ്യക്തം.

പരിചയവും വൈദഗ്ധ്യവുമുള്ളതും മെഡിക്കോ ലീഗല്‍ കോഡ് അറിയുന്നവരും കുറവാണ്. മെഡിക്കല്‍ കോഡ് വായിച്ചവര്‍ തന്നെ വളരെ കുറവായിരിയ്ക്കും. എങ്ങനെവേണം പോസ്റ്റുമോര്‍ട്ടത്തിന്റെ നിയമവശങ്ങള്‍ എന്നത് സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് അറിയാമെന്ന് പാലക്കാട് ഡിസിപി പ്രതീഷ് കുമാര്‍ ഐപിഎസ് വിശദീകരിക്കുന്നു.

സംസ്ഥാനത്ത് 2012ലാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം മെഡിക്കോ ലീഗല്‍ കോഡ് നിലവില്‍ വന്നത്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള മെഡിക്കോ ലീഗല്‍ പരിശോധനകള്‍ക്ക് കൃത്യമായ രൂപം നിര്‍ദേശിക്കുന്ന കോഡ് പക്ഷേ പലരും പിന്തുടരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ടൈപ്പ് ചെയ്ത് നല്‍കണമെന്ന് കോഡ് നിര്‍ദേശിക്കുന്നു. എന്നാല്‍, എഴുതി തയ്യാറാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളാണ് സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും നല്‍കുന്നത്.