LiveTV

Live

Kerala

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവിലേക്ക് മാറ്റി

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐ.സി.യുവിലേക്ക് മാറ്റി
Summary
സമരത്തെ പരിഹസിക്കുന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നതിനാല്‍ മഹിജ ഡ്രിപ്പ് സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു.

ആശുപത്രിയില്‍ നിരാഹാരസമരം നടത്തുകയായിരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. മഹിജ മരുന്നുകളോട് പ്രതികരിക്കുന്നതായും ആശങ്കക്ക് വകയില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മഹിജക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

നാല് ദിവസമായി നിരാഹാര സമരം നടത്തുന്ന മഹിജയുടെ ആരോഗ്യനില ഇന്ന് വൈകുന്നേരത്തോടെയാണ് വഷളായത്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന കീറ്റോ അസിഡോസിസ് എന്ന അവസ്ഥയിലേക്ക് പോവുകയും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നില വരുകയും ചെയ്തു. ഇതോടെയാണ് മഹിജയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, സര്‍ജറി, ന്യൂറോ സര്‍ജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് മഹിജ. നേരത്തെ മഹിജ ജ്യൂസ് ഉള്‍പ്പെടെ ദ്രവ രൂപത്തിലുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് വാര്‍ത്താകുറിപ്പിറക്കിയതോടെ മഹിജ ഡ്രിപ്പ് ഉപേക്ഷിച്ച് നിരാഹാര സമരം ശക്തമാക്കി. തങ്ങളുടെ സമരത്തെ വിലകുറച്ച് കാണിക്കാനാണ് ആശുപത്രി അധികൃതര്‍ കള്ളപ്രചാരണം നടത്തുന്നതെന്ന് മഹിജ പറഞ്ഞു.

തൈറോയിഡിന് സ്ഥിരമായി മരുന്നുകഴിക്കാറുള്ള മഹിജ വെള്ളം പോലും ഉപേക്ഷിക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് വിലയിരുത്തിയ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ച് ഡ്രിപ് കൊടുത്തു. എങ്കിലും വൈകിട്ട് ആറ് മണിയോടെ നില വഷളാവുകയായിരുന്നു. മുഖ്യമന്ത്രി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട എല്ലാ ചികിത്സാ സൌകര്യങ്ങളും ഒരുക്കണമെന്ന് നിര്‍ദേശിച്ചു.