LiveTV

Live

Kerala

ബെയ്‍ലി പാലം നിര്‍മ്മാണം പൂര്‍ത്തിയായി

ബെയ്‍ലി പാലം നിര്‍മ്മാണം പൂര്‍ത്തിയായി
Summary
അപ്രോച്ച് റോഡുകള്‍ ഗതാഗത യോഗ്യമാക്കിയതിന് ശേഷം തിങ്കളാഴ്ച മുതല്‍ പാലത്തിലൂടെ ഗതാഗതം ആരംഭിക്കും.

പത്തനംതിട്ട എംസി റോഡില്‍ ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തെ തുടര്‍ന്ന് കരസേന ബദലായി നിര്‍മിച്ച ബെയ്‍ലി പാലം നിര്‍മാണം പൂര്‍ത്തിയായി. അപ്രോച്ച് റോഡുകള്‍ ഗതാഗത യോഗ്യമാക്കിയതിന് ശേഷം തിങ്കളാഴ്ച മുതല്‍ പാലത്തിലൂടെ ഗതാഗതം ആരംഭിക്കും.

കരസേനയുടെ മദ്രാസ് 14ആമത് എന്‍ജിനീയറിങ് റെജിമെന്റിലെ 50അംഗ സംഘം രണ്ട് ദിവസം അധ്വാനിച്ചാണ് കല്ലടയാറിന് കുറുകെ ബെയ്‍ലി പാലം യാഥാര്‍ഥ്യമാക്കിയത്. കാറ്റഗറി 18 വിഭാഗത്തില്‍പെടുന്ന പാലത്തിന് 58 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുണ്ട്. 18 ടണ്ണാണ് ആകെ ഭാരം. ചെറുഭാരവാഹനങ്ങള്‍ വരെ കടത്തിവിടാനുള്ള ശേഷി പാലത്തിനുണ്ട്. സമാന്തരമായി ഇരു വശങ്ങളിലുമായി കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകുന്നതിനും സാധിക്കും.
പാലത്തിന്റെ ഇരുവശങ്ങളിലും സിഗ്നല്‍ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. വണ്‍വേ അടിസ്ഥാനത്തില്‍ ഇരു വശങ്ങളിലെയും വാഹനങ്ങളെ നിശ്ചിത ഇടവേളകളില്‍ കടത്തിവിടും. സൈനിക വാഹനം ഓടിച്ചുള്ള സുരക്ഷ പരിശോധന വിജയകരമായിരുന്നു. അപ്രോച് റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനുള്ള ചുമതല കെഎസ്ടിപിക്കാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ബെയ്‍ലി പാലത്തിലൂടെ ഗതാഗതം ആരംഭിക്കും. ഏനാത്ത് പാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സഞ്ചാര യോഗ്യമാകുന്നത് വരെ ബെയ്‍‍ലി പാലത്തിന്റെ സേവനം ലഭ്യമാകും.