LiveTV

Live

Kerala

വന്യമൃഗങ്ങള്‍ക്ക് ദാഹജലവുമായി വനംവകുപ്പ്

വന്യമൃഗങ്ങള്‍ക്ക് ദാഹജലവുമായി വനംവകുപ്പ്
Summary
കൊടുംചൂടില്‍ കാട്ടിലെ കുളങ്ങളും അരുവികളും വറ്റിവരളുമ്പോള്‍ മൃഗങ്ങള്‍ക്ക് ദാഹജലവുമായി വനം വകുപ്പിന്റെ പുതിയ പദ്ധതി.

കൊടുംചൂടില്‍ കാട്ടിലെ കുളങ്ങളും അരുവികളും വറ്റിവരളുമ്പോള്‍ മൃഗങ്ങള്‍ക്ക് ദാഹജലവുമായി വനം വകുപ്പിന്റെ പുതിയ പദ്ധതി. ലഭ്യമായ സ്രോതസ്സുകളില്‍ നിന്നുള്ള വെള്ളം കാട്ടിലെത്തിച്ച് വറ്റിക്കൊണ്ടിരിക്കുന്ന കുളങ്ങള്‍ റീഫില്‍ ചെയ്യുകയാണ് വനംവകുപ്പ്.

വനത്തിലെ ജലസ്രോതസുകള്‍ പൂര്‍ണമായും വറ്റിവരളുന്നത് ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുളങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതോടെ കാട്ടാനകള്‍ അടക്കമുള്ള മൃഗങ്ങള്‍ ദാഹമകറ്റാന്‍ നാട്ടിലിറങ്ങുന്നത് തടയുമെന്ന പ്രതീക്ഷയും വനപാലകര്‍ക്കുണ്ട്.

5,000 ലിറ്റര്‍ ശേഷിയുള്ള രണ്ട് സംഭരണികളില്‍ നിറച്ച വെള്ളം വനം-വന്യജീവി വകുപ്പിന്റെ ലോറിയില്‍ കയറ്റിയാണ് കാട്ടിലെത്തിക്കുന്നത്. ഒരുദിവസം 3 തവണ ഇങ്ങനെ റീചാര്‍ജിങ് നടത്തുന്നു. കുളങ്ങളിലേക്കുള്ള വെള്ളം കാരാപ്പുഴ, ബാണാസുരസാഗര്‍ അണക്കെട്ടുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി, മുത്തങ്ങ, കുറിച്യാട്, തോല്‍പ്പെട്ടി എന്നിങ്ങനെ നാല് റേഞ്ചുകളിലെ കുളങ്ങളിലും വെള്ളമെത്തുന്നു.

ദുര്‍ഘട പ്രദേശങ്ങളില്‍ ചെറിയ വാഹനങ്ങളിലും വരും ദിവസങ്ങളി‍ല്‍ വെള്ളമെത്തിക്കും. എന്നാല്‍ മഴ രക്ഷക്കെത്തിയില്ലെങ്കില്‍ ഇതുകൊണ്ടൊന്നും വേനലിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന ആശങ്കയും വനംവകുപ്പിനുണ്ട്.