മദ്രസ അധ്യാപകന്റെ കൊലപാതകം; ആഘാതത്തില്‍ നിന്നും മുക്തരാകാതെ കുടുംബം
കാസര്‍കോട് മദ്രസ അധ്യാപകന് റിയാസ് മുഹമ്മദിന്റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കുടുംബം ഇനിയും മുക്തരായിട്ടില്ല. കുടുംബത്തിന്റെ ആശ്രയമായിരുന്ന റിയാസ് കൊല്ലപ്പെട്ടതോടെ വൃദ്ധനായ പിതാവും പിഞ്ചുകുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ നിത്യവൃത്തി തന്നെ വഴിമുട്ടിയിരിക്കുകയാണ്.
മടിക്കേരിനാപോകില് റോഡില്‍ ആസാദിനഗര് മൂലൈ എന്ന ഗ്രാമത്തില്‍ നിന്നും റിയാസ് മുഹമ്മദ് കാസര്‍കോട് മദ്രസയില്‍ അധ്യാപകനായി പോയത് കുടുംബം പോറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എട്ട് വര്‍ഷമായി പഴയ ചൂരിയയിലെ മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്ത് വന്നിരുന്ന റിയാസിന്റെ തുച്ഛമായ വരമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. റിയാസ് ക്രൂരമായി കൊലചെയ്യപ്പെട്ട് 10 ദിവസം കഴിഞ്ഞിട്ടും സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് കുടുംബം മുക്തരായിട്ടില്ല.
കുടക് മേഖലയില്‍ നിന്നും കേരളത്തിലെ വിവിധ മദ്രസകളിലായി നിരവധി പേരാണ് ജോലി ചെയ്യുന്നത്.റിയാസിന്റെ കൊലപാതകത്തോടെ ഇവരുടെ കുടുംബാംഗങ്ങളും ആശങ്കയിലാണ്. കഴിഞ്ഞ 20ന് അര്‍ദ്ധരാത്രിയായിരുന്നു കാസര്‍കോട് പഴയചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനായ മുഹമ്മദ് റിയാസ് പളളിയോട് ചേര്‍ന്ന കിടപ്പു മുറിയില്‍ കൊലചെയ്യപ്പെട്ടത്.