LiveTV

Live

Kerala

ബജറ്റ് ചോര്‍ച്ച: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

Summary
ഒരു ബജറ്റ് രേഖയും ചോര്‍ന്നിട്ടില്ല. ബജറ്റില്‍ നികുതി നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നു. ചോര്‍ച്ച അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഐസക്ക് പറഞ്ഞു

ബജറ്റ് ചോര്‍ച്ച ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. ധനമന്ത്രിയുടെ കയ്യില്‍ നിന്ന് ബജറ്റ് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

എന്നാല്‍ സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചു. ഒരു ബജറ്റ് രേഖയും ചോര്‍ന്നിട്ടില്ല. ബജറ്റില്‍ നികുതി നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നു. ചോര്‍ച്ച അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഐസക്ക് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ ബജറ്റ് ചോര്‍ച്ചയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് സഭാ നടപടികള്‍ ഇന്ന് ആരംഭിച്ചത്. ധനമന്ത്രിയുടെ കയ്യില്‍ നിന്ന് ബജറ്റ് രേഖകള്‍ ചോര്‍ന്നത് നിസാരമായി കാണാനാവില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്ത് ചോദ്യോത്തര വേള റദ്ദാക്കി ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രേമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.എന്നാല്‍ ചോദ്യോത്തര വേള റദ്ദാക്കാനാവില്ലെന്ന് ശൂന്യ വേളയില്‍ വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ നിലപാടെടുത്തു.

ബജറ്റ് ചര്‍ച്ചക്കിടെ പ്രസക്തഭാഗങ്ങള്‍ ചോര്‍ന്നത് ഗുരുതര വീഴ്ചയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ബജറ്റിന് ശേഷം ഇന്ന് പുനരാരംഭിക്കുന്ന സഭ പ്രതിപക്ഷ പ്രതിഷേധത്താല്‍ പ്രക്ഷുബ്ധമാവും. ബജറ്റിന്മേലുളള പൊതു ചര്‍ച്ച ഇന്നാണ് ആരംഭിക്കുന്നത്.

വിഷയം സര്‍ക്കാരിനെതിരായ ആയുധമാക്കി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ധനമന്ത്രിയുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചേക്കും. ബജറ്റിന്മേലുളള പൊതു ചര്‍ച്ചയും ബഹിഷ്കരിക്കുമെന്നാണ് സൂചന. പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ സ്തംഭിക്കാനാണ് സാധ്യത. ബജറ്റ് ചോര്‍ച്ചയെക്കുറിച്ച് ധനമന്ത്രിയും മുഖ്യമന്ത്രിയും നിയമസഭയില്‍ വിശദീകരണം നല്കും.

തോമസ് ഐസക്കിന് സിപിഎമ്മിന്റെ പൂര്‍ണ്ണ പിന്തുണ ഉള്ളതിനാല്‍ പ്രതിപക്ഷ പ്രതിഷേധത്തിന് മുന്പില്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാവില്ല. ബജറ്റ് ചോര്‍ച്ച വിവാദത്തില്‍ എന്താണ് സംഭവിച്ചതെന്ന വിശദീകരണം ധനമന്ത്രി നാളെ നിയമസഭയില്‍ നല്‍കാനാണ് സാധ്യത.ഉദ്യോഗസ്ഥനാണ് പിശക് പറ്റിയതെന്നും.ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത് കഴിഞ്ഞുവെന്നുമുള്ള ന്യായീകരണമായിരിക്കും ഐസക്ക് നല്‍കുക.