LiveTV

Live

Kerala

പറമ്പിക്കുളം ആളിയാര്‍ കരാര്‍: കടുംപിടുത്തവുമായി തമിഴ്‍നാട്; കേരളം വിട്ടുവീഴ്ചക്ക്

പറമ്പിക്കുളം ആളിയാര്‍ കരാര്‍: കടുംപിടുത്തവുമായി തമിഴ്‍നാട്; കേരളം വിട്ടുവീഴ്ചക്ക്
Summary
എന്നാല്‍, കേരളത്തിന് അനുവദിച്ച ജലം ചോര്‍ത്തിയെടുക്കുന്ന മനുഷ്യത്വരഹിത നടപടിയില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലം ലഭിക്കാതായതോടെ കേരളം വിട്ടു വീഴ്ചക്ക്. കരാര്‍ പ്രകാരമുള്ള ജലം വിട്ടു നല്‍കിയാല്‍ ശിരുവാണിയിലെ കരുതല്‍ ജലശേഖരം വിട്ടുനല്‍കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. എന്നാല്‍, കേരളത്തിന് അനുവദിച്ച ജലം ചോര്‍ത്തിയെടുക്കുന്ന മനുഷ്യത്വരഹിത നടപടിയില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഫെബ്രുവരി ഒന്നാം തീയതി കേരളത്തിലെ ഷോളയാര്‍ ഡാമിലേക്ക് വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് ഉയര്‍ത്തണം. എന്നാല്‍, ഇനിയും തമിഴ്നാട് അതിന് സന്നദ്ധരായിട്ടില്ല. ഇതിന് പുറമെയാണ് ശിരുവാണിയിലെ കരുതല്‍ ജലശേഖരം വിട്ടു നല്‍കണമെന്ന തമിഴ്നാടിന്റെ ആവശ്യം. ഈ ആവശ്യം കേരളം സമ്മതിച്ചാല്‍ പറമ്പിക്കുളത്ത് നിന്ന് കരാര്‍ പ്രകാരമുള്ള വെള്ളം വിട്ടു നല്‍കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. കേരളത്തിന് അര്‍ഹമായ ജലം നേടിയെടുക്കാന്‍ ശിരുവാണിയിലെ വെളളം വേണമെന്ന സമ്മര്‍ദ തന്ത്രമാണ് തമിഴ്നാട് പയറ്റുന്നത്.

എന്നാല്‍, ശിരുവാണിയില്‍ വിട്ടുവീഴ്ച ചെയ്ത് പറമ്പിക്കുളത്ത് നിന്ന് വെള്ളം നേടിയെടുത്ത് പ്രതിസന്ധി പരിഹരിക്കാനാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ശ്രമം. തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.