LiveTV

Live

Kerala

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട് സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു
Summary
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു നേതാക്കളുടെ സന്ദര്‍ശനം.

കണ്ണൂര്‍ ധര്‍മ്മടത്ത് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ സര്‍വ്വകഷി സംഘം സന്ദര്‍ശനം നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു സന്ദര്‍ശനം. ജില്ലയുടെ രാഷട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സന്ദര്‍ശനം നടക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ നീണ്ട ചരിത്രം തന്നെയുണ്ട് കണ്ണൂര്‍ ജില്ലക്ക്. ഓരോ കൊലപാതകങ്ങള്‍ക്ക് ശേഷവും ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സമാധാന യോഗങ്ങളും ജില്ലയിലെ പതിവ് കാഴ്ചകളായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ധര്‍മ്മടത്ത് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ വീട്ടിലേക്ക് സര്‍വ്വകഷി സംഘത്തിനൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനടക്കമുളളവര്‍ നടന്നു കയറിയപ്പോള്‍ ജില്ലയുടെ രാഷട്രീയ ചരിത്രത്തില്‍ തന്നെ അത് ആദ്യ സംഭവമായി മാറി.

കലക്ടര്‍ മീര്‍ മുഹമ്മദിനൊപ്പമായിരുന്നു ഇന്നലെ വൈകിട്ട് സി.പി.എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാജന്‍, ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടിലെത്തിയത്. ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളായ കെ.രഞ്ജിത്, കെ.സത്യപ്രകാശ്, കെ.പ്രമോദ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സന്തോഷ് കൊല്ലപ്പെട്ട ധര്‍മ്മടം ആണ്ടല്ലൂരിലെ വീട്ടിലായിരുന്നു സര്‍വ്വകക്ഷി സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് മീത്തലെ പീടികയിലെ തറവാട്ട് വീട്ടിലെത്തിയ നേതാക്കള്‍ സന്തോഷിന്റെ ഭാര്യ ബേബിയെ കണ്ടു. സി.പി.എം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പ്രതികളെ പരിചയമുണ്ടെന്നും ബേബി നേതാക്കളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടയിലുണ്ടായ കൊലപാതകം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.