LiveTV

Live

Kerala

കാന്‍സര്‍ ചികിത്സ: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ സര്‍ക്കാര്‍ അവഗണിക്കുന്നു

കാന്‍സര്‍ ചികിത്സ: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ സര്‍ക്കാര്‍ അവഗണിക്കുന്നു
Summary
മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച റേഡിയേഷന്‍ തെറാപ്പി മെഷീനുകള്‍ ഇതുവരെ നല്‍കിയിട്ടില്ല

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കാന്‍സര്‍ ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് കടുത്ത അവഗണന. നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച റേഡിയേഷന്‍ തെറാപ്പി മെഷീനുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. റേഡിയേഷന്‍ മെഷീനുകള്‍ കേടാവുന്നത് കാരണം ചികിത്സ മുടങ്ങുന്നത് പതിവാണെന്ന് രോഗികള്‍ പറയുന്നു. മീഡിയവണ്‍ എക്സ്ക്ലൂസീവ്

തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവ കഴിഞ്ഞാല്‍ കാന്‍സര്‍ രോഗികള്‍ ചികിത്സ തേടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 3000, ആലപ്പുഴ 2000, കോട്ടയം 4000, തൃശൂര്‍ 4000, കോഴിക്കോട് 6000, എറണാകുളം ജനറല്‍ ആശുപത്രിയില്‍ 6000 ഉള്‍പ്പെടെ ഓരോ വര്‍ഷവും മുപ്പതിനായിരം പേരാണ് പുതുതായി എത്തുന്നത്. സംസ്ഥാനത്തെ ആദ്യ കാന്‍സര്‍ ചികിത്സാ വിഭാഗം തുടങ്ങിയ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യന്ത്രതകരാറു മൂലം റേഡിയേഷന്‍ മുടങ്ങുന്നത് പതിവായിരിക്കുന്നു. 60 മുതല്‍ 80 വരെ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കിയിരുന്ന ആശുപത്രികളിലെ സ്ഥിതിയാണിത്.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഏക റേഡിയേഷന്‍ തെറാപ്പി മെഷീന്റെ പ്രവര്‍ത്തനം രണ്ട് മാസത്തിനകം പൂര്‍ണമായും നിലക്കും. നാല് വര്‍ഷം മുന്പ് തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് റേഡിയേഷന്‍ മെഷീന്‍ വാങ്ങാന്‍ അനുമതി നല്‍കി. കഴിഞ്ഞ സര്‍ക്കാര്‍ 27.8 കോടി രൂപ അനുവദിച്ചു. ടെണ്ടര്‍ വിളിച്ചു. പുതിയ മെഷീന്‍ സ്ഥാപിക്കാന്‍ പത്ത് മാസമെങ്കിലും എടുക്കും. ജീവനക്കാരുടെ കുറവ് ഒരു ഭാഗത്ത്, ഒപ്പം മെച്ചപ്പെട്ട മെഷീനുകള്‍ ഇല്ലാത്തതും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു.