LiveTV

Live

Kerala

ആരാവും ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക് മലപ്പുറത്തു നിന്ന് ഇ അഹമ്മദിന്റെ പിന്‍ഗാമി?

ആരാവും ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക് മലപ്പുറത്തു നിന്ന് ഇ അഹമ്മദിന്റെ പിന്‍ഗാമി?
Summary
മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക്

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി. ദേശീയ രാഷ്ട്രീയത്തിലേക്ക് മലപ്പുറത്തു നിന്ന് ഇ അഹമ്മദിന്റെ പിന്‍ഗാമി ആരാകും എന്നത് കേരളം ഉറ്റുനോക്കുന്ന കാര്യമാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി കെ സൈനബയാണ് ഇ അഹമ്മദിനെ നേരിട്ടിരുന്നത്. എതിരാളികള്‍ അനാരോഗ്യ പ്രശ്നങ്ങള്‍ പ്രചാരണ വിഷമാക്കിയെങ്കിലും 194739 വോട്ടുകളുടെ വന്‍ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് വിജയിച്ചത്.

മലപ്പുറം ജില്ലയില്‍ നിന്ന് ലോക്സഭയിലേക്കു നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് ഇനി വരാനിരിക്കുന്നത്. 1973ല്‍ മഞ്ചേരി മണ്ഡലത്തിലെ എംപിയായിരുന്ന മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഇ അഹമ്മദിനെ പോലെ തന്നെ മുഹമ്മദ് ഇസ്മാഈല്‍ സാഹിബും അന്ന് മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്നു. അന്ന് സി എച്ച് മുഹമ്മദ് കോയയായിരുന്നു മുസ്ലിം ലീഗിനായി മത്സരിച്ചു വിജയിച്ചത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന സിഎച്ച് ആ സ്ഥാനവും കൊണ്ടോട്ടി എംഎല്‍എ സ്ഥാനവും രാജി വെച്ചാണ് പാര്‍ലിമെന്റിലേക്ക് പോയത്.

ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കുക കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ്. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം മലപ്പുറത്തെ പുതിയ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമാകില്ല. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി ആരുവരും എന്നതും പ്രധാനമാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ സിപിഎം കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. അന്ന് മലപ്പുറത്ത് എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരും ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു.