LiveTV

Live

Kerala

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനുളള അംഗീകാരം യുജിസി പുനഃസ്ഥാപിച്ചു

 കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിനുളള അംഗീകാരം യുജിസി പുനഃസ്ഥാപിച്ചു
Summary
28 വിദൂര പഠന കോഴ്സുകള്‍ക്കും അംഗീകാരം

കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസവിഭാഗത്തിനുള്ള അംഗീകാരം യുജി സി പുനഃസ്ഥാപിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് പ്രത്യേകം അധ്യാപകരെ നിയമിക്കണമെന്നതടക്കമുള്ള യുജിസിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. യുജിസി വിദഗ്ധ സമിതി സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിക്ക് പുറത്ത് കൌണ്‍സിലിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒന്നര വര്‍ഷം മുമ്പ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിനുള്ള അംഗീകാരം യുജിസി പിന്‍വലിച്ചത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് സ്വന്തമായി അധ്യാപകരില്ലാത്തതും തിരിച്ചടിയായി.

എന്നാല്‍ യുജിസി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍വകലാശാല പിന്നീട് തീരുമാനിക്കുകയായിരുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ അധ്യാപകരെ നിയമിച്ചു. ഒപ്പം കൌണ്‍സിലിംഗ് കേന്ദ്രങ്ങള്‍ സര്‍വകലാശാലാ പരിധിക്കകത്തു മാത്രമേ നടത്തൂവെന്ന് ഉറപ്പും നല്‍കി.

ഇതോടെയാണ് യുജിസിയുടെ വിദഗ്ധ സമിതി സര്‍കലാശാല സന്ദര്‍ശിക്കാന്‍ തയ്യാറായത്. മൂന്നു ദിവസം സര്‍വകലാശാലയില്‍ തങ്ങിയ സമിതി അംഗങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് യുജിസിക്ക് സമര്‍പ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് അംഗീകാരം പുനഃസ്ഥാപിക്കപ്പെട്ടത്.

സര്‍വകലാശാലയുടെ 28 വിദൂര പഠന കോഴ്സുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും.